സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പമ്പുകളില്‍നിന്നു പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുമുണ്ട്. ഇതു സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്.
ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്കരുതെന്നു കര്‍ശന നിബന്ധനയുള്ളതാണ്.1998 ഒക്ടോബര്‍ 11ന് പാലായ്ക്കടുത്തുള്ള ഐക്കൊമ്പില് നടന്ന ബസ് അപകടത്തില്‍ 22 പേര് വെന്തുമരിക്കുകയുണ്ടായി. ഇവിടെ വില്ലനായത് യാത്രക്കാരില്‍ ആരോ കൈവശം കരുതിയിരുന്ന പെട്രോളായിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്.
2019 ഒക്ടോബര്‍ 10ന് എറണാകുളം അത്താണിയിൽ പ്ലസ്ടു വിദ്യാർഥി ദേവികയെ 26കാരനായ മിഥുന് പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നതു പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. 2019 ജൂണ്‍ 15നായിരുന്നു ആലപ്പുഴയിലെ പോലീസുകാരിയായിരുന്ന സൗമ്യ പുഷ്കരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ചു കത്തിച്ചത്. ഇത്തരത്തിലുണ്ടായ നിരവധി സംഭവങ്ങളിൽ കൈയില്‍ കരുതിയ പെട്രോളായിരുന്നു വില്ലനായത്.
മനുഷ്യാവകാശപ്രവര്‍ത്തകനായ കെ.ജെ. ജോസ്പ്രകാശാണ് നിയമവിരുദ്ധമായി പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്പന തടയണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.