വിന്റേജ് കാറുകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം.
ഈ മാസം 15ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് വിന്റേജ് കാറുകളെ നിർവ്വചിക്കുകയും ഇവ കൈവശം വയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തത്. പുതിയ നിയമം അനുസരിച്ച് 50 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങളെയാണ് വിന്റേജ് അല്ലെങ്കിൽ ക്ലാസിക് ആയി പരിഗണിക്കുക. ഇത്തരം വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് 20,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപയും ചെലവാകും. വിന്റേജ് വാഹനങ്ങളെ സ്ഥിരവും വാണിജ്യപരവുമായ ഉപയോഗങ്ങളിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
രജിസ്ട്രേഷൻ നിയമങ്ങൾ
വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷനോ പുനർ രജിസ്ട്രേഷനോ ഉടമകൾ ചില രേഖകൾ ഹാജരാക്കേണ്ടതുണ്ട്. സാധുവായ ഇൻഷുറൻസ് പോളിസി, വാഹനം ഇറക്കുമതി ചെയ്തതാണെങ്കിൽ എൻട്രി ബിൽ, പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് വാഹനം നിയമപരമായി കൈവശം വയ്ക്കാൻ വേണ്ടത്. ഇത്തരം വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ ഫോർമാറ്റ് നൽകാനും തീരുമാനമായി. പുതിയ ഫോർമാറ്റ് അനുസരിച്ച് സ്റ്റേറ്റ് കോഡ്, വിന്റേജ് വാഹനത്തെ സൂചിപ്പിക്കാൻ VA എന്ന എഴുത്ത്, രണ്ട് മുതൽ നാല് അക്കങ്ങളുള്ള നമ്പർ എന്നിവ ക്രമത്തിൽ നൽകും. അതത് സംസ്ഥാന രജിസ്റ്ററിങ് അതോറിറ്റിയാവും ഇവ അനുവദിക്കുക. പുതിയ സർട്ടിഫിക്കറ്റ് 10 വർഷത്തേക്ക് സാധുവായിരിക്കും. തുടർന്ന്, രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപ നൽകണം. ഇത് 5 വർഷത്തേക്ക് സാധുവായിരിക്കും. പിന്നീടും വാഹനം കൈവശം വയ്ക്കുന്നവർ രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കണം.
വിൽക്കുന്നത് എങ്ങിനെ?
വിന്റേജ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള പുതിയ നിയമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. വാഹനം വിൽക്കുന്നതും വാങ്ങുന്നതും 90 ദിവസത്തിനുള്ളിൽ അതാത് സംസ്ഥാന വാഹന അതോറിറ്റിയെ അറിയിക്കണം. വിന്റേജ് വാഹനങ്ങൾ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ പാടില്ല. നിലവിൽ ഇത്തരം വാഹനങ്ങൾ ഉള്ളവരിലധികവും അവ സ്ഥിരം ഉപയോഗിക്കുന്നവരല്ല. സ്ക്രാപ്പേജ് പോളിസി വന്നതിനുശേഷം വിന്റേജ് വാഹന ഉടമകളിൽ ഉടലെടുത്തേ ആശങ്ക മാറ്റാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ