വാഹനപ്പുക പരിശോധന (പൊലൂഷൻ ടെസ്റ്റിങ്) പൂർണമായും ഓൺലൈനായതോടെ തോൽവിയും തുടങ്ങി. പുകപരിശോധനാ യന്ത്രങ്ങളിൽനിന്നുള്ള പരിശോധാഫലം നേരിട്ട് 'വാഹൻ' വെബ്സൈറ്റിലേക്കാണ് എത്തുന്നത്. പരിശോധനാഫലത്തിൽ തിരുത്തലുകൾക്കും ക്രമക്കേടുകൾക്കും അവസരം ലഭിക്കില്ല. ഇതോടെ തോൽവിയും തുടങ്ങി. 1200 വാഹനങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരാജയപ്പെട്ടത്. അന്തരീക്ഷ മലിനീകരണത്തോത് എറെയുള്ള ഡീസൽ വാഹനങ്ങളാണ് പരാജയപ്പെട്ടതിൽ ഏറെയും.
1500 പുകപരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 60 ശതമാനം യൂണിറ്റുകൾ ഓൺലൈനിലേക്ക് എത്തി. മറ്റുള്ളവയ്ക്ക് ഒരാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതുവരെ അരലക്ഷം ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ പൊലൂഷൻ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
പുകപരിശോധന ഓൺലൈൻ ആയതോടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ട. പകരം സ്മാർട്ട്ഫോണിലെ ഡിജിറ്റൽ പകർപ്പ് മതിയാകും. എം പരിവാഹൻ മൊബൈൽ ആപ്പിലാണ് പരിശോധനാഫലം ലഭിക്കുന്നത്. സംസ്ഥാനത്തെ വാഹനപുകപരിശോധനാ കേന്ദ്രങ്ങൾ ഓൺലൈനിലൂടെ 'വാഹൻ' സോഫ്റ്റ്വേറുമായി ബന്ധപ്പെടുത്തിയതോടെയാണ് ഈ സൗകര്യം ലഭ്യമായത്. പരിശോധനാഫലം വാഹന രജിസ്ട്രേഷൻ വിവരങ്ങൾക്കൊപ്പം തത്സമയം കൂട്ടിച്ചേർക്കപ്പെടും. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് ഓൺലൈനിലൂടെ കണ്ടെത്താം. വാഹത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചുള്ള തിരയലിൽ ഈ വിവരങ്ങൾ ലഭിക്കും.
പരിശോധനാഫലം മാത്രമാണ് ഇപ്പോൾ 'വാഹനി'ലേക്ക് ശേഖരിക്കുന്നത്. ഇതിന്റെ രണ്ടാംഘട്ടത്തിൽ പരിശോധനയുടെ നിലവാരവും ഉറപ്പുവരുത്തും. പൊലൂഷൻ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ യന്ത്രസംവിധാനങ്ങളുടെയും സോഫ്റ്റ്വേറിന്റെയും നിലവാരം വിലയിരുത്തപ്പെടും. ഇതോടെ ക്രമക്കേടിനുള്ള അവസരം പൂർണമായും അടയും. വാഹന രജിസ്ട്രേഷൻ രേഖകൾക്കൊപ്പം ഇൻഷുറൻസ് പോളിസി വിവരങ്ങൾ കൂട്ടിച്ചേർത്തതോടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാൻ കഴിഞ്ഞിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ