പൊളിക്കൽ നയത്തിന്റെ ഭാഗമായി പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പെർമിറ്റ് പുതുക്കൽ പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണം. ടെസ്റ്റിങ് കേന്ദ്രങ്ങൾക്കുള്ള മാർഗരേഖയിലാണ് കേന്ദ്രം ഇക്കാര്യം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആറുമാസംമുമ്പ് പ്രസിദ്ധീകരിച്ച കരടുരേഖയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്.
പൊളിക്കൽ നയത്തിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കേണ്ട ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഘടനയും പ്രവർത്തനരീതിയും ഇതിൽ വിശദീകരിക്കുന്നുണ്ട്. വാഹനത്തിന്റെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിന് 32 ഇനം പരിശോധനകൾ നടത്തണം. റോളർ ബ്രേക്ക് ടെസ്റ്റ്, സ്ലൈഡ് സ്ലിപ് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, ജോയന്റ് പ്ലേ ടെസ്റ്റ്, സ്പീഡോ മീറ്റർ ടെസ്റ്റ് തുടങ്ങിയവ ഉൾപ്പെടും.
ലൈറ്റുകൾക്കുള്ളിൽ ഈർപ്പം പാടില്ല. സൈലൻസർ, ബ്രേക്ക് ലൈൻ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയിൽ ചോർച്ചയുണ്ടാകരുത്. വിൻഡ്‌സ്‌ക്രീൻ മങ്ങരുത്. ടയർ ത്രെഡിന്റെ അളവുവരെ നിഷ്കർഷിക്കുന്നുണ്ട്. ഹോണിന്റെ ശബ്ദവും ലൈറ്റുകളുടെ തീവ്രതയും പരിശോധിക്കപ്പെടും. ടെസ്റ്റുകളിൽ പരാജയപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിക്കാം. പരാജയപ്പെട്ട ടെസ്റ്റുമാത്രം വീണ്ടും നടത്തിയാൽ മതി. ഫലത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം. രണ്ടുതവണ പരാജയപ്പെട്ടാൽ വാഹനം പൊളിക്കേണ്ടിവരുമെന്ന കരടുനിർദേശം അതേപടി അന്തിമ വിജ്ഞാപനത്തിലുമുണ്ട്. ഇതിൽ ലഭിച്ച പരാതികൾ കേന്ദ്രം നിരസിച്ചു.
ടെസ്റ്റിങ് കേന്ദ്രങ്ങളെല്ലാം ഓൺലൈനിൽ ബന്ധിപ്പിക്കും. പരിശോധനാഫലവും വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകളുടെ ഡിജിറ്റൽ പകർപ്പ് കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയിലേക്ക് അപ്‌ലോഡ് ചെയ്യും.
ഫാസ്റ്റാഗ് നിർബന്ധമാണ്. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയും പരിശോധിക്കപ്പെടും. ട്യൂബ് ലൈസ് ടയറുകൾ വ്യാപകമായതിനാൽ സ്റ്റെപ്പിനി ടയറിനുപകരം പഞ്ചർകിറ്റ് മതിയെന്ന നിർദേശം പഴയ വാഹനങ്ങൾക്കും ബാധകമാക്കി. സംസ്ഥാനങ്ങൾക്ക് പൊതുമേഖലയിലോ സ്വകാര്യ പങ്കാളിത്തത്തോടെയോ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ