എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.
നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ.
ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ?
എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.
*1. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,*
*2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക.*
*3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക.*
*4. എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക.*
*5. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*
*6. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ അനുഭവപ്പെടുക.*
*7. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക.*
ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം.
ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. *ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.*
ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക
*ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.* ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക.
*ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും *കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.* ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്മ്മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.
*ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.* നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സാഹയിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ.
*ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം.*
*യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്.* മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ.
*കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.*സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.
*യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക.* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും.
*അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കു*
നല്ലൊരു ദിനം ആശംസിച്ചു കൊണ്ട്
ജയചന്ദ്രൻ . വൈ
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
ഷെയർ ചെയ്യൂ ഈ മെസ്സേജ് .
(കടപ്പാട് )