തിരുവനന്തപുരം: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് (കെ.യു.ആര്‍.ടി.സി) കീഴിലുള്ള എ.സി ലോഫ്ളോര്‍ ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു. ദീര്‍ഘദൂരയാത്രകള്‍ക്കടക്കം സഹായകരമാവുന്ന സംവിധാനം ആദ്യഘട്ടത്തില്‍ 50 ബസുകളിലാണ് ഏര്‍പ്പെടുത്തുന്നത്. കെല്‍ട്രോണിന്‍െറ സാങ്കേതിക സഹായത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ മാതൃകയില്‍ പ്രത്യേക വെബ്സൈറ്റ് തയാറാക്കിയാണ് ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമൊരുക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാകുമെന്നാണ് വിവരം.
വെബ്സൈറ്റിനുപുറമേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ടിക്കറ്റ് ബുക് ചെയ്യാനുള്ള ആപ്ളിക്കേഷനും കെല്‍ട്രോണ്‍ തയാറാക്കിയിട്ടുണ്ട്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും നെറ്റ്ബാങ്കിങ് വഴിയും പണമടക്കാം. എസ്.എം.എസ് വഴിയും പ്രിന്‍റ് ആയും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് ബുക് ചെയ്യുന്ന സമയത്തും യാത്രാവേളക്ക് തൊട്ടുമുമ്പും എസ്.എം.എസ് വഴി യാത്രയെക്കുറിച്ച് അറിയിപ്പ് നല്‍കാനുള്ള ക്രമീകരണവും പുതിയ സംവിധാനത്തിലൊരുക്കിയിട്ടുണ്ട്.
നിശ്ചിതസമയത്തിനുമുമ്പ് ടിക്കറ്റ് റദ്ദാക്കാനും സൗകര്യമുണ്ടാകും. ടിക്കറ്റ് ചാര്‍ജും പുറമേ റിസര്‍വേഷന്‍ ചാര്‍ജുമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് ഈടാക്കുക. റിസര്‍വേഷന് പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി ഈടാക്കുന്ന തുകയാണ് ജനുറം ബസുകള്‍ക്കും നിശ്ചയിച്ചിട്ടുള്ളത്.
കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റിങ്ങിലേക്ക് മാറിയ ഘട്ടത്തില്‍ ഓരേസമയം സൈറ്റില്‍ പ്രവേശിക്കുന്നവരുടെഎണ്ണം കൂടിയാല്‍ സംവിധാനം നിശ്ചലമാകുന്നത് യാത്രക്കാരെ വലച്ചിരുന്നു. സര്‍വറിന്‍െറ ക്ഷമതയില്ലായ്മയാണ് പ്രശ്നത്തിനിടയാക്കിയിരുന്നത്. ഇത്തരം ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് മതിയായ സാങ്കേതികത്തികവോടെയാണ് കെ.യു.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. നടപടികളെല്ലാം പൂര്‍ത്തിയായെങ്കിലും ഒൗദ്യോഗികപ്രഖ്യാപനത്തിനുശേഷമേ സൈറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ. അടുത്തഘട്ടങ്ങളില്‍ മുഴുവന്‍ എ.സി ബസുകളും റിസര്‍വേഷന്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് ആലോചന.
സൗകര്യപ്രദമായ യാത്ര ഉറപ്പുനല്‍കുന്നുവെങ്കിലും ജനുറം ബസുകളില്‍ സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനമില്ലായ്മ പോരായ്മയായി കണക്കാക്കിയിരുന്നു. ഓണ്‍ലൈന്‍സംവിധാനം നിലവില്‍വരുന്നതോടെ ഈ പോരായ്മ പരിഹരിക്കപ്പെടുമെങ്കിലും നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍(ജനുറം) പദ്ധതിപ്രകാരം സംസ്ഥാനത്തിന് ലഭിച്ച ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉപസംവിധാനമായ കെ.യു.ആര്‍.ടി.സിയുടെ കീഴിലാണ് സര്‍വിസ് നടത്തുന്നത്. സംസ്ഥാനത്ത് 174 എ.സിയും 326 നോണ്‍ എ.സിയുമടക്കം 500 ബസുകളാണ് കെ.യു.ആര്‍.ടി.സിക്കുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ