മറൗഡർ, ഒരു വാഹനത്തിന് ഈടാൻ പറ്റുന്ന പേരാണോ ഇത്? ആദ്യം കേട്ടാൽ ആർക്കും ഒരു സംശയം തോന്നും. എന്നാൽ ഇവന്റെ കയ്യിലിരിപ്പു കേട്ടാലോ, വെറൊരു പേരും ഈ വാഹനത്തിന് ചേരില്ലെന്നും മനസിലാകും. ബോംബും മൈനും എന്തിന് ഒരു ചെറിയ മിസൈലിന്റെ വരെ ആക്രമണം നെഞ്ചും വിരിച്ച് നേരിടുന്ന ഈ ഭീകര നിർമ്മിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ സൈനികവാഹന നിർമ്മാണ കമ്പനിയായ പരാമൗണ്ടാണ്. പ്രമുഖ ഓട്ടോമൊബൈൽ ഷോയായ ടോപ്ഗിയറിൽ നടത്തിയ പരീക്ഷണത്തിൽ സിവിലിയൻ ഹമ്മറിനെ മൈൻ സ്പോടനം തകർത്തപ്പോൾ മറൗഡറിന്റെ ടയറിന് മാത്രമേ പരിക്കുപറ്റിയുള്ളു.
മാവെറിക്, മറ്റഡോർ, എംബോംബ് തുടങ്ങിയ വിചിത്രമായ പേരുകളുള്ള വാഹനങ്ങൾ നിർമ്മിച്ച പരാമൗണ്ടിന്റെ മികച്ചൊരു സൈനിക വാഹനമാണ് മറൗഡർ. സൈനികാവശ്യത്തിന് മാത്രമല്ല സിവിലിയൻ അവശ്യങ്ങൾക്കായും മറൗഡർ നിർമ്മിച്ചു നൽകുന്നുണ്ട്. 6.14 മീറ്റർ നീളവും 2.48 മീറ്റർ വീതിയും 2.7 മീറ്റർ പോക്കവുമുള്ള ഈ ഭീമാകാരന്റെ ഭാരം 11000 കിലോഗ്രാം മുതൽ 13000 കിലോഗ്രാം വരെയാണ്.! പേലോഡ് 5000 കിലോഗ്രാം വരെയാവാം. 420 എം.എം ആണ് ഗ്രൗണ്ട് ക്ളിയറൻസ്. ഡ്രൈവറടക്കം പത്ത് പേർക്കാണ് മറൗഡറിൽ സഞ്ചരിക്കാൻ സാധിക്കുന്നത്. 8കി.ഗ്രാം ടി.എൻ.ടി വരെയുള്ള മൈൻ സ്ഫോടനങ്ങളെപ്പോലും അതിജീവിക്കാനുള്ള ശേഷിയുണ്ട് മറൗഡറിന്.
വാഹനത്തിന് അടിയിലാണെങ്കിൽ ടയറിനടിയിലാണെങ്കിൽ 14കി.ഗ്രാം ടി.എൻ.ടിയുടെ സ്ഫോടനം വരെ മറൗഡർ ചെറുക്കും. സൈനിക ആവശ്യങ്ങൾക്കായുള്ള മറൗഡറിൽ മെഷീൻ ഗണ്ണുകൾ മുതൽ മിസൈൽ ലോഞ്ചർ വരെ ഉറപ്പിക്കാനാവും. ഫുൾടാങ്ക് ഇന്ധനം നിറച്ചാൽ 700 കി.മീ ഓടുന്ന മറൗഡറിന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്.
ആറ് സിലിൻഡർ ടർബോ ഡീസല്‍ എഞ്ചിന് 221 മുതൽ 296 ബിഎച്ച്പി വരെ കരുത്തും 801 എൻഎം മുതൽ 1100 എൻഎം വരെ ടോർക്കും ഉത്പാദിപ്പിക്കും. 2008ൽ സൈനികാവശ്യങ്ങൾക്കായുള്ള ഉത്പാദനം തുടങ്ങിയ മറൗഡർ ഇന്ന് അസർബൈജാൻ ആർമ്ഡ് ഫോഴ്സിന്റേയും, ആഫിക്കൻ യൂണിയണിയൻ ഫോഴ്സിന്റേയും ഭാഗമാണ്. ഇതുവരെ ഏകദേശം 250 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ