ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതിയാണ് മുന്‍കൈയെടുക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങള്‍ ശക്തമായി നേരിടുന്നതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നേരിട്ട് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ സമിതി പലപ്പോഴായി ആരാഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴായി നല്‍കിവരുന്നു. റോഡപകടങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമിതിയെ സുപ്രീംകോടതി തന്നെ ഒരു സുപ്രധാന ഉത്തരവിലൂടെ നിയമിച്ചത്.
എല്ലാ ട്രാഫിക് നിയമലംഘനങ്ങളും പോലീസിന്റെയോ മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതരുടെയോ ശ്രദ്ധയില്‍പ്പെട്ടെന്ന് വരില്ല. ഇനി മുതല്‍ പൗരന്മാരുടെ ഒരു കൂട്ടായ്മ എല്ലാ നഗരങ്ങളിലും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിക്കും. വിദ്യാര്‍ത്ഥികളും യുവാക്കളും പൊതുതാല്‍പ്പര്യ കാര്യങ്ങളില്‍ സമയം കണ്ടെത്താന്‍ ഉദ്ദേശിക്കുന്നവരെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും മുതിര്‍ന്ന പൗരന്മാരെയും സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് നല്ല സമരിയക്കാരുടെ സമിതി രൂപീകരിക്കുക. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പോലീസിനെ അറിയിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കും. പോലീസ് അതില്‍ നടപടി എടുത്തേ പറ്റൂ. പോലീസിനെ കൂടാതെ മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതരെയും അറിയിക്കാം.
ഇതിനായി സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതി ഉടനെ നടപടികള്‍ സ്വീകരിക്കുമെന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. എല്ലാ നഗരങ്ങളിലും 'നല്ല സമരിയക്കാരു'ടെ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കും.
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, പോലുള്ള രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെങ്കിലും ചിലപ്പോള്‍ പോലീസിന്റെ കണ്ണുകള്‍ വെട്ടിച്ചുപോകുന്ന നിയമലംഘകരെ പിടികൂടാന്‍ നല്ല സമരിയക്കാരുടെ സംഘത്തിന് കഴിയാറുണ്ട്.
ട്രാഫിക് കുറ്റം മൂന്നുതവണ ആവര്‍ത്തിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള സംവിധാനം അമേരിക്കയിലുണ്ട്. അതില്‍ അധികൃതര്‍ യാതൊരു പരിഗണനയും കാണിക്കില്ല. ലൈസന്‍സ് റദ്ദായാല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വരും. കാരണം ബഹൂഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്വന്തം വാഹനങ്ങളെയാണ്. ബസ്സുകള്‍ കുറവാണ്. ടാക്‌സിയാണെങ്കില്‍ വലിയ ചിലവും. സ്വന്തം വാഹനത്തില്‍ മാത്രം യാത്രചെയ്ത് ശീലിച്ചവര്‍ക്ക് ലൈസന്‍സ് റദ്ദാക്കപ്പെടുന്നത് അമേരിക്കയില്‍ വധശിക്ഷയ്ക്ക് തുല്യമായ സ്ഥിതിയാണ്. അതിനാല്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരും പ്രതിജ്ഞാബദ്ധരാണ്.
മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബല്‍റ്റില്ലാതെ യാത്ര ചെയ്യുക, അമിത വേഗത്തില്‍ വാഹനം ഓടിക്കുക എന്നിവ കുറ്റകൃത്യങ്ങളാണ്. പിഴ ഈടാക്കാന്‍ ഇപ്പോള്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുക എന്നത് മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതരുടെ വിവേചനാധികാരമാണ്. സസ്‌പെന്‍ഷന്‍ നടപ്പിലാക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഇനി മുതല്‍ ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായും സസ്‌പെന്റ് ചെയ്യാനുള്ള വ്യവസ്ഥകൂടി സുപ്രീംകോടതി റോഡ് സുരക്ഷാസമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കും.
ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്യും. അമിതവേഗത്തില്‍ വണ്ടിയോടിച്ചാല്‍ മൂന്ന് മാസത്തേക്കും മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറ് മാസത്തേക്കും ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നുണ്ട്.
കൊച്ചി നഗരത്തിലെ ഓവര്‍ടേക്കിംഗ് അമിതവേഗത്തില്‍ വാഹനം ഓടിക്കല്‍ എന്നിവയെ സംബന്ധിച്ച് പോലീസില്‍ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കൊച്ചി നഗരത്തില്‍ സ്വകാര്യബസ്സുകളില്‍ അപകടങ്ങള്‍ പതിവാകുന്നത് ബസ് ജീവനക്കാരുടെ ക്രിമിനല്‍ സ്വഭാവം മൂലമാണെന്ന് പോലീസ് ഐ.ജി. ഹൈക്കോടിതയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പല സ്വകാര്യബസ്സുകളും സര്‍വീസിലുള്ളതും റിട്ടയര്‍ ചെയ്തതുമായ പോലീസ് ഉദ്യോഗസ്ഥരുടേതാണ്. അതിനാല്‍ ബസ് ജീവനക്കാര്‍ക്ക് ധിക്കര സ്വഭാവമുണ്ടാകുന്നു. ഒരു കൊലക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട മുന്‍ ഡി.വൈ.എസ്.പി. ഷാജിക്ക് രണ്ട് ബസ്സുകള്‍ കൊച്ചി നഗരത്തില്‍ ഉണ്ടായിരുന്നത് അന്ന് പത്രവാര്‍ത്തയായിരുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബസ്സുകളുണ്ട്. എന്നാല്‍ അതൊക്കെ കണ്ടില്ലെന്ന് ഉന്നത അധികൃതര്‍ നടിക്കും.
പലപ്പോഴും പോലീസ് നടപടി എടുക്കില്ല. ബസ് ഉടമകള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുകയാണ് പതിവ്. ഈ സ്ഥിതി അവസാനിപ്പിക്കാന്‍ പോലീസ് അധികൃതര്‍ ശ്രമിച്ചു വരുന്നുണ്ട്. പക്ഷെ ഫലപ്രദമാകില്ല. കോടതിയുടെ കര്‍ശന ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരായ ബസ് ഡ്രൈവര്‍മാരെയും ജീവനക്കാരെയും പിടികൂടാന്‍ കഴിയൂ.
സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതിയുടെ കര്‍ശന ഉത്തരവുകള്‍ ഇനിയുമുണ്ടാകും. റോഡപകടങ്ങള്‍ മൂലം ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരാള്‍ വീതം കൊല്ലപ്പെടുന്നു എന്നാണ് ഔദ്യോഗിക കണക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ