ചോദ്യം: എൻ്റെ കാറിൻ്റെ റിയർ വ്യൂ മിറർ തട്ടി ഒരു കുട്ടി റോഡിൽ വീണ് തുടയിൽ ലിഗ്മെൻ്റ് ഫ്രാക്ചർ ആയി. FIR ഇട്ടു. കാർ സറണ്ടർ ചെയ്യണം എന്ന് പറഞ്ഞു. എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
മറുപടി:
ഇത്തരം സാഹചര്യങ്ങൾ നിർഭാഗ്യകരമാണ്, എങ്കിലും നിയമപരമായ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണ്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് വാഹനം ഹാജരാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു:
1. വാഹനം ഹാജരാക്കുക.
വാഹന ഉടമ എന്ന നിലയിൽ, സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിൽ പോലും, നിയമപരമായ നടപടികൾക്കായി പോലീസോ കോടതിയോ വാഹനം ഹാജരാക്കാൻ ആവശ്യപ്പെടുമ്പോൾ സഹകരിക്കുക എന്നതാണ് പ്രധാനം. സഹകരിച്ചില്ലെങ്കിൽ നിയമപരമായി താങ്കളുടെ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസിന് അധികാരം ഉണ്ട് അങ്ങനെ എടുക്കുമ്പോൾ നിലവിലുള്ള കേസിനെകാൾ മറ്റ് അനേകം കേസുകൾ കൂടി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടും.
2. തെളിവുകൾ
വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിനുമുമ്പ് നിർബന്ധമായും വാഹനത്തിന്റെ എല്ലാ ഭാഗങ്ങളുടെയും (360 ഡിഗ്രി) വ്യക്തമായ ഫോട്ടോകളും വീഡിയോകളും എടുത്ത് സൂക്ഷിക്കുക.
അകത്തും പുറത്തുമുള്ള ഭാഗങ്ങൾ, പ്രത്യേകിച്ച് കേടുപാടുകൾ സംഭവിച്ചെന്ന് പറയുന്ന ഭാഗം സൂക്ഷ്മമായി പകർത്തുക.
പോലീസ് കസ്റ്റഡിയിൽ പോയ ശേഷം വാഹനത്തിൽ പുതിയ കേടുപാടുകൾ ഉണ്ടായാൽ തെളിവിനായി ഈ ഫോട്ടോകൾ ഉപയോഗിക്കാം. മാത്രമല്ല പരിക്ക് പറ്റിയ വ്യക്തിയുടെ പരിക്ക് ഗുരുതരം ആവുകയോ മരണം സംഭവിക്കുകയോ ചെയ്താൽ കേസിന്റെ ഗതിയും വകുപ്പുകളും എല്ലാം മാറും. അപ്പോൾ നിങ്ങൾക്ക് എതിരെ പുതിയ തെളിവുകൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് നല്ലതാണ്.
3. വാഹനത്തിന്റെ സംരക്ഷണം ഉറപ്പാക്കുക:
കേസിന്റെ സ്വഭാവം അനുസരിച്ച് മേപ്പടി വാഹനം പോലീസ് സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളോളം കിടക്കേണ്ടി വരും. വെയിലും മഴയുമേറ്റ് വാഹനം കേടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം. വാഹനം മൂടാനായി ഒരു കവർ വാങ്ങി
പോലീസുകാരോട് അനുവാദം വാങ്ങി വാഹനം മൂടിയിടുക. ഒരു കാര്യം ശ്രദ്ധിക്കുക വാഹനത്തിൻറെ ഉടമസ്ഥൻ താങ്കൾ ആണെങ്കിലും പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ വാഹനത്തിൻറെ എന്ത് കാര്യം ചെയ്യുവാനും പോലീസിൻറെ അനുവാദം വാങ്ങണം
4. വാഹന പരിശോധന :
FIR രജിസ്റ്റർ ചെയ്ത കേസുകളിൽ, പോലീസ് വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി കസ്റ്റഡിയിലെടുക്കും. പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിലെ AMVI (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) ഉദ്യോഗസ്ഥൻ്റെയും പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സാധാരണഗതിയിൽ വാഹനം താങ്കൾക്ക് സ്റ്റേഷനിൽ വെച്ച് തന്നെ വിട്ടുനൽകുന്നതാണ്.
5.കോടതി മുഖേനയുള്ള നടപടികൾ
ചില ഗുരുതരമായ കേസുകളിൽ, വാഹനം തിരികെ ലഭിക്കുന്നതിനായി കോടതി മുഖേന അപേക്ഷ നൽകേണ്ടതായി വരും.ഇതിനായി ഒരു അഭിഭാഷകനുമായി ഉടൻ ബന്ധപ്പെടുക. വാഹനത്തിന്റെ കസ്റ്റഡി തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ (Release Petition) നൽകുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾ അഭിഭാഷകൻ വഴി പൂർത്തിയാക്കാം. അതിനുശേഷം രണ്ട് ആൾ ജാമ്യത്തിൽ താങ്കൾക്ക് കോടതിയിൽ നിന്നും വാഹനം വിട്ടു നൽകുന്നതാണ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളിൽ വാഹനം വീണ്ടും പരിശോധിക്കാൻ ആവശ്യം വന്നാൽ താങ്കൾ ഹാജരാക്കിയില്ല എങ്കിൽ നടപടികൾ എടുക്കാനാണ് ജാമ്യത്തിൽ വിടുന്നത്.
(Courtesy. Adv Ahammed Sha)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ