കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പകല്‍ മാത്രമാക്കിയിരുന്നു.ഒരു മാസത്തിനുള്ളില്‍ ചെക്ക്പോസ്റ്റ് സംവിധാനം പൂർണമായി ഇല്ലാതാവും. അതിർത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളുടെ പരിശോധനകള്‍ എ.ഐ ക്യാമറകളും സ്‌കാനറുകളും മാത്രം ഉപയോഗിച്ചാകും നടപ്പാക്കുക. നിലവില്‍ ജി.എസ്.ടി വകുപ്പിന്റെ നിരീക്ഷണ ക്യാമറകളിലൂടെയാണ് ഇ-വേ ബില്‍ പരിശോധിക്കുക. വാഹനം കടന്നെത്തുമ്ബോള്‍ തന്നെ ഇ-വേ ബില്ലിന്റെ ലിങ്ക് ആർ.ടി.ഒ ഓഫിസില്‍ കണ്‍ട്രോള്‍ റൂമിലെത്തും. ഇതിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച് വാഹനം പിടിച്ചെടുത്തു നിയമ നടപടി സ്വീകരിക്കും.
'വെർച്വല്‍ ചെക്‌പോസ്റ്റ്' സംവിധാനത്തിലേക്കു മാറുമ്ബോള്‍ പൂർണമായി മോട്ടർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകളുടെയും സ്‌കാനറുകളുടെയും നിരീക്ഷണത്തിലൂടെയാകും ഇ- വേ ബില്‍ പരിശോധനയെന്നതാണ് പ്രത്യേകത. ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഓഫിസ് ജോലികള്‍ വേഗത്തില്‍ തീർപ്പാക്കാൻ ചെക്ക്‌പോസ്റ്റിലെ ജീവനക്കാരെ പിൻവലിക്കാനാണ് ഈ തീരുമാനമെന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ സർക്കുലറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന അഴിമതിയാണ് നടപടിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മാസം ലക്ഷങ്ങളാണ് വാളയാർ ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകളില്‍ കൈക്കൂലിപ്പണമായി വിജിലൻസ് പിടികൂടിയത്.
നിലവില്‍ വൈകിട്ട് മുതല്‍ ചെക്ക്പോസ്റ്റുകള്‍ രാത്രി അടച്ചിട്ടു തുടങ്ങിയിട്ടുണ്ട്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഒഴലപ്പതി എന്നീ 8 ചെക്ക്പോസ്റ്റുകളാണു പാലക്കാട് ജില്ലയിലുള്ളത്. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ ചെക്ക്പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുള്ളൂ. എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റും മാത്രം ചെക്ക്പോസ്റ്റിലുണ്ടാകും. ഇതോടെ 8 ചെക്ക്പോസ്റ്റുകളുടെയും നിയന്ത്രണം ആർ.ടി.ഒയുടെ കീഴിലേക്കു ചുരുങ്ങി. നേരത്തെ 3 ഷിഫ്റ്റിലായി മുപ്പതിലേറെ ജീവനക്കാർ ജോലി ചെയ്തിടത്താണ് പകല്‍ ഒറ്റ ഷിഫ്റ്റില്‍ രണ്ടു പേരാകുന്നത്. വർഷങ്ങള്‍ക്കു മുമ്ബ് തന്നെ ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ്, യാത്രാ വാഹനങ്ങളുടെയും പെർമിറ്റ്, ടാക്സ് തുടങ്ങിയ സേവനങ്ങള്‍ 'പരിവാഹൻ' സൈറ്റിലേക്കു മാറ്റിയിരുന്നു. ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചു ചെക്ക്പോസ്റ്റുകള്‍ നിറുത്തലാക്കുന്നതോടെ ചരക്കു വാഹനങ്ങള്‍ക്ക് ഒരിടത്തും നിറുത്താതെ സംസ്ഥാനത്തേക്കു പ്രവേശിക്കാനും സമയനഷ്ടമില്ലാതെ ചരക്കു നീക്കം നടത്താനും സാധിക്കും. നേരത്തെ പെർമിറ്റും ടാക്സും ഓണ്‍ലൈനായി എടുത്തിട്ടണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് ചെക്ക്പോസ്റ്റില്‍ ചെയ്തിരുന്നത്. ഇതു കൃത്യമായി പാലിക്കുന്ന വാഹനങ്ങളില്‍ നിന്നു പോലും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി പിരിക്കുന്നുണ്ടെന്നാണു വിജിലൻസ് കണ്ടെത്തിയത്. ജനുവരിയില്‍ 3 തവണ നടത്തിയ പരിശോധനയില്‍ മാത്രം 4.88 ലക്ഷം രൂപയുടെ കൈക്കൂലിപ്പണമാണു പിടികൂടിയത്. 'കൈക്കൂലി പിരിവ്' കേന്ദ്രങ്ങളായി ചെക്ക്പോസ്റ്റുകള്‍ മാറിയെന്ന ആക്ഷേപം ഉയർന്നതും ഇതിനാലാണ്. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതായാല്‍ മോട്ടർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.
പ്രവർത്തനം കാര്യക്ഷമമാകും
ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ നിലവില്‍ മോട്ടർ വാഹന വകുപ്പിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം ആറില്‍ നിന്ന് 9 - 12 ആകും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും. സ്‌ക്വാഡുകളിലേക്ക് ഉദ്യോഗസ്ഥരെ ക്രമീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ 6 താലൂക്കുകള്‍ കേന്ദ്രീകരിച്ച് 6 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണുള്ളത്. സ്‌ക്വാഡില്‍ എം.വി.ഐയും 3 എ.എം.വി.ഐയുമാണുള്ളത്. ആകെ എൻഫോഴ്സ്‌മെന്റ് വിങ്ങില്‍ 25 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ സ്‌ക്വാഡില്‍ പലപ്പോഴും ഇത്രയും ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാവില്ല.
https://wa.me/918848564058
24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടി വേണമെന്നാണു നിർദേശമെങ്കില്‍ ഉദ്യോഗസ്ഥ ക്ഷാമത്താല്‍ നിലവില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള ഒരു ഷിഫ്റ്റില്‍ മാത്രമാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നുള്ളൂ.
ചെക്ക്പോസ്റ്റില്‍ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചാല്‍ ഇവരെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്കാണു നിയോഗിക്കുക. ടാക്‌സോ പെർമിറ്റോ ഇല്ലാതെ വാഹനം എൻഫോഴ്സ്‌മെന്റാണു പിടികൂടുന്നതെങ്കില്‍ ഇരട്ടിയോളം തുകയും പിഴയും അടയ്ക്കണം. അതിനാല്‍ സ്‌ക്വാഡിന്റെ എണ്ണം കൂട്ടിയാല്‍ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കി നിയമലംഘനം തടയാനും റോഡപകടം കുറയ്ക്കാനും സാധിക്കും.
കൈക്കൂലിപ്പണം
അരക്കോടിയോളംകഴിഞ്ഞ 10 വർഷത്തിനിടെ നൂറിലേറെ പരിശോധനകളിലായി അരക്കോടിയോളം രൂപയുടെ കൈക്കൂലിപ്പണമാണു വിജിലൻസ് പിടിച്ചെടുത്തത്. ജനുവരിയില്‍ വിജിലൻസ് എസ്പി എസ്.ശശികുമാറിന്റെയും പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ 3 തവണകളായി നടത്തിയ പരിശോധനയില്‍ 4.88 ലക്ഷം രൂപയുടെ കൈക്കൂലി വിജിലൻസ് പിടികൂടി. കഴിഞ്ഞ 3 വർഷത്തിനിടെയാണു കൂടുതല്‍ പരിശോധനകള്‍ നടന്നത്. വിജിലൻസ് പരിശോധനയില്‍ ഏറ്റവും കൂടുതല്‍ അഴിമതി കണ്ടെത്തിയ ചെക്ക്പോസ്റ്റുകളിലൊന്നായി ഇതോടെ മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകള്‍ മാറി. ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം.
മറയുന്നത് ഏഷ്യയിലെ
ഏറ്റവും വലിയ ചെക്‌പോസ്റ്റ്വാളയാറിലെ മോട്ടർ വാഹന ചെക്ക്പോസ്റ്റ് ഇല്ലാതാകുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ചെക്ക്പോസ്റ്റ് സംവിധാനമാണു ചരിത്രത്താളുകളിലേക്കു മറയുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വാളയാർ ചെക്ക്പോസ്റ്റ്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് ഒരുക്കാനായി വാളയാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മോട്ടർ വാഹന ചെക്ക്പോസ്റ്റ് 2021ല്‍ പൊളിച്ചു മാറ്റിയിരുന്നു. പിന്നീടാണ് മലബാർ സിമന്റ്സ് കമ്ബനിക്കു എതിർവശത്തെ റോഡിലേക്കു കണ്ടെയ്നർ ചെക്ക്പോസ്റ്റാക്കി മാറ്റിയത്. ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറിയതിനാല്‍ ചെക്ക്പോസ്റ്റുകള്‍ വേണ്ടെന്നു കേന്ദ്രത്തിന്റെ നിർദേശം വന്നതോടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ ചെക്ക്പോസ്റ്റ് സംവിധാനവും ഇല്ലാതാകുന്നു. ഡോ.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ 'അഴിമതി രഹിത വാളയാർ' പദ്ധതിയും 'സംയോജിത ചെക്ക്പോസ്റ്റ് പദ്ധതി'യും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എല്ലാ ചെക്ക്പോസ്റ്റുകളും ഒറ്റക്കെട്ടിടത്തിലേക്കു മാറ്റുന്നതായിരുന്നു പദ്ധതികള്‍. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ നൂറുകണക്കിനാളുകള്‍ ഉപജീവനം നടത്തുന്നzq വാളയാറിലെ വ്യാപാര മേഖല ഇല്ലാതാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ