ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ യാത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂഡൽഹി) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്.
രാജധാനി എക്സപ്രസ്സുകളുടെ പ്രത്യേകതകൾ ഇവയാണ്.
1. രാജധാനി എക്‌സ്പ്രസ് ട്രെയിനുകളിൽ എല്ലാ കോച്ചുകളും എയർ കണ്ടീഷൻഡ് ആണ്.
2. ഈ ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളേക്കാൾ ഉയർന്ന സിഗ്നൽ മുൻഗണനയുണ്ട് (Highest Priority). അതുകൊണ്ട് തന്നെ രാജധാനി എക്സ്പ്രസിനെ മറ്റു ട്രെയിനുകൾ എപ്പോഴും കടത്തിവിടുന്നു. ക്രോസിംഗിന് ഒക്കെ വേണ്ടി രാജധാനി മറ്റു ട്രെയിനുകൾക്ക് വേണ്ടി കാത്തുകിടക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവാറില്ല. ചുരുക്കി പറഞ്ഞാൽ ഒരു VIP ട്രെയിൻ ആണ്.
3. രാജധാനി എക്സപ്രസ്സുകൾ മണിക്കൂറിൽ 130- 140 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾ ആണ് രാജ്യത്തു ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് (മണിക്കൂറിൽ 160-180 കി.മീ).
4. പരിമിതമായ സ്റ്റോപ്പുകൾ മാത്രമാണ് രാജധാനി എക്സ്പ്രസിനുള്ളത്. എങ്കിലും തുരന്തോ എക്സപ്രസ്സുകളെക്കാൾ കൂടുതൽ സ്റ്റോപ്പുകളിൽ രാജധാനി എക്സ്പ്രസ് നിർത്താറുണ്ട്. കേരളത്തിൽ നിന്നും ന്യൂഡൽഹിക്കുള്ള രാജധാനി എക്സ്പ്രസിന് 19 സ്റ്റോപ്പുകൾ ഉണ്ട്. തുരന്തോ എക്സ്പ്രസിന് 12 സ്റ്റോപ്പുകൾ മാത്രമേയുള്ളൂ.
5. യാത്രക്കാർക്ക് ട്രെയിനിന്റെ സമയം അനുസരിച്ച് ഉച്ചഭക്ഷണം, ചായ, പ്രഭാതഭക്ഷണം, അത്താഴം മുതലായവ നൽകപ്പെടുന്നു. ഭക്ഷണത്തിന്റെ വില ടിക്കറ്റ് ചാർജിൽ ഉൾപ്പെടുന്നു. മറ്റു ട്രെയിനുകളെ അപേക്ഷിച്ചു ഭക്ഷണത്തിന്റെ നിലവാരം മികച്ചതാണ്.
6. മറ്റു ട്രെയിനുകളെക്കാൾ മികച്ച വൃത്തിയും യാത്രാസുഖവും രാജധാനി എക്‌സ്പ്രസ്സിൽ ഉണ്ട്. എല്ലാ കോച്ചുകളിലും ബയോടോയ്‌ലറ്റുകൾ ആണ്. അതുകൊണ്ട് ടോയ്‌ലറ്റിലെ ദുർഗന്ധം നന്നേ കുറവാണ്. കൃത്യമായ ഇടവേളകളിൽ കോച്ചുകൾ വൃത്തിയാക്കപ്പെടുന്നു.
7. എല്ലാ കോച്ചുകളും ആധുനിക രീതിയിലുള്ള LHB കോച്ചുകൾ (ചുവന്ന നിറത്തിൽ) ആണ്.
8. രാജധാനി എക്സപ്രസ്സുകളിൽ പുതുതായി ഇറക്കിയ കോച്ചുകളിൽ എല്ലാം CCTV സംവിധാനം ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ