പ്രിയ സഞ്ചാരികളെ, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോവുന്നുവെന്ന് തോന്നിയ ഒരു കാര്യം പറയാം. സീറ്റ് റിസര്‍വ്വ് ചെയ്യുമ്പോള്‍ അപേക്ഷ ഫോമില്‍ അധിക പേരും നിര്‍ബന്ധമായ വിവരങ്ങള്‍ മാത്രമാണ് ചേര്‍ക്കുന്നത്. (ഉദാഹരണത്തിന് മേല്‍വിലാസം, ട്രെയിന്‍ നമ്പര്‍, എത്തേണ്ട സ്ഥലം, ഇറങ്ങേണ്ട സ്ഥലം തുടങ്ങിയവ). ഇതിനെല്ലാം താഴെ നിര്‍ബന്ധമല്ലാത്തതും എന്നാല്‍ ഒരു ടിക്ക് കാരണം നമുക്ക് ഏറെ പ്രയോജനം ലഭിക്കുകയും (ഭാഗ്യമുണ്ടെങ്കില്‍ മാത്രം) ചെയ്യുന്ന ഒരു ഓപ്ഷന്‍ പലരും അവഗണിക്കുകയോ/അറിയാതെ പോവുകയോ ചെയ്യുന്നുണ്ട്.
Consider For Auto Upgradation എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്താല്‍ ഉയര്‍ന്ന ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ നമ്മള്‍ ആ ബെര്‍ത്തിലേക്ക് ഓട്ടോമാറ്റിക്കായി പരിഗണിക്കപ്പെടും. അതായത് ഫൈനൽ റിസര്‍വ്വേഷന്‍ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ എ.സി ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യെസ് ഓപ്ഷന്‍ നല്‍കിയ താഴെ ക്ലാസുകളിലുള്ളവരെ പരിഗണിക്കും. അപ്പോള്‍ സ്ലീപര്‍ ടിക്കറ്റെടുത്ത ഒരാള്‍ക്ക് അധിക ചാര്‍ജ്ജ് നല്‍കാതെ തന്നെ എ.സി ക്ലാസില്‍ യാത്ര ചെയ്യാം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഈ ഓപ്ഷന്‍ ടിക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്.
............................................................
ഈ സൗകര്യത്തിന്റെ പ്രയോജനം ഇന്നലെ ഒരു വട്ടം കൂടി ലഭിച്ചതിനാലാണ് ഇത്രയും പറഞ്ഞത്. പെരുന്നാളിന് നാട്ടില്‍ പോവാന്‍ ഇന്നലെ രാത്രി 11.45ന് എറണാകുളം നോര്‍ത്തില്‍ നിന്നുള്ള മലബാര്‍ എക്‌സ്പ്രസില്‍ സ്ലീപര്‍ ക്ലാസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ജൂണ്‍ 3ന് ബുക്ക് ചെയ്ത ടിക്കറ്റ് അന്ന് തന്നെ കണ്‍ഫേം ആയിരുന്നു. ഇന്നലെ വൈകിട്ട് റിസര്‍വ്വേഷന്‍ ചാര്‍ട്ട് വന്നപ്പോള്‍ എന്റെ സീറ്റ് തേര്‍ഡ് എ.സിയിലായി. അതായത് കാസര്‍ക്കോട് വരെ ബുക്ക് ചെയ്ത 230 രൂപ സ്ലീപ്പര്‍ ടിക്കറ്റ് വച്ച് 615 രൂപ ഈടാക്കുന്ന എ.സി ക്ലാസില്‍ യാത്ര ചെയ്യാൻ കഴിഞ്ഞു. 2014ല്‍ ഐ.പി.ടി.എല്‍ (International Premier Tennis League) റിപ്പോര്‍ട്ടിങിനായി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് ഈ അവസരം ആദ്യമായി ലഭിച്ചത്. അപ്ഗ്രഡേഷന്‍ ഓപ്ഷനില്‍ വെറുതെ ടിക്കറ്റ് ചെയ്തിരുന്നെങ്കിലും അന്ന് ഇതിനെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് പ്രകാരം സ്ലീപ്പറില്‍ കയറിയ എന്നോട് താങ്കളുടെ സീറ്റ് തേര്‍ഡ് എ.സിയിലാണെന്ന് ടിക്കറ്റ് എക്‌സാമിനര്‍ പറഞ്ഞിട്ടും കുറേ നേരം ഞാന്‍ വിശ്വസിക്കാതെ അന്തം വിട്ടു നിന്നു. പാവം ടി.ടി.ആര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് അന്ന് സംഗതി കത്തിയത്. അതിന് ശേഷം ബിരിയാണി കിട്ടിയാലോ എന്ന് കരുതി എപ്പോഴും അപ്ഗ്രഡേഷന്‍ ഓപ്ഷന്‍ ടിക്ക് ചെയ്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. അപ്പ ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ അപ്‌ഗ്രേഡ് ഓപ്ഷനില്‍ ടിക്ക് ചെയ്യാന്‍ മറക്കേണ്ട, ഇനി ശരിക്കും ബിരിയാണി കൊടുത്താലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ