ആലപ്പുഴ∙ പിഴയടയ്ക്കാത്ത വാഹനങ്ങൾക്കു ഇനി മുതൽ മോട്ടോർ വാഹന വകുപ്പിൽ നിന്നു നികുതി അടയ്ക്കൽ ഒഴികെയുള്ള സേവനങ്ങൾ ഒന്നും ലഭിക്കില്ല. പിഴയൊന്നും ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള സേവനങ്ങൾ കിട്ടുകയുള്ളു. ആദ്യഘട്ടത്തിൽ മഞ്ഞ നമ്പർ പ്ലേറ്റുള്ള ടാക്സി, ചരക്കു വാഹനങ്ങൾക്കു മാത്രമാണ് നിയമം ബാധകം.
അടുത്ത ഘട്ടത്തിൽ എല്ലാത്തരം വാഹനങ്ങൾക്കും നിയമം ബാധകമാക്കും. പിഴയടയ്ക്കാത്തവരുടെ എണ്ണം പെരുകിയതോടെ ഗതികെട്ട സർക്കാർ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്.
ടിപ്പർ ലോറികളും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ശീതസമരവും പുതിയ നിയമത്തിനു പിന്നിൽ. മാത്രമല്ല, ജീവനക്കാരുടെ ക്ഷാമം മൂലം പിഴയടയ്ക്കാത്തവരെ കണ്ടുപിടിച്ചു വീണ്ടും നോട്ടീസ് അയയ്ക്കാൻ മോട്ടോർ വാഹന വകുപ്പിനു സാധിച്ചിരുന്നില്ല.
അമിത ലോഡു മുതൽ അമിത വേഗതയും വാഹന രേഖകളുടെ അഭാവവും അടക്കം വാഹന പരിശോധനകളിൽ കണ്ടെത്തുന്ന കുറ്റങ്ങൾക്കുള്ള പിഴ അടയ്ക്കലാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വാഹന നികുതി ഒഴികെ ക്ഷമതാ സർട്ടിഫിക്കറ്റ്, ഉടമസ്ഥതാ മാറ്റം, വാഹനത്തിന്റെ രൂപ മാറ്റം തുടങ്ങിയ മറ്റുള്ള എല്ലാ സേവനങ്ങൾക്കും പിഴയില്ലെന്ന സർട്ടിഫിക്കറ്റു ഹാജരാക്കേണ്ടി വരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ