ഏഴു നില പൊക്കത്തിൽ ഫ്ലാറ്റുകൾ നഗരവാസികൾക്കു പുതുമയേ അല്ല. എന്നാൽ, ഏഴു നില കെട്ടിടത്തിൽ 249 കാറുകളും 230 ഇരുചക്രവാഹനങ്ങളും പാർക്കു ചെയ്യാമെന്നു കേട്ടാൽ നഗരത്തിൽ സ്വന്തമായി വാഹനം ഉപയോഗിക്കുന്നവർ അന്വേഷിക്കും. എങ്ങനെയാണിതെന്ന്. പൂർണമായി ഓട്ടമാറ്റിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സംവിധാനം. കെട്ടിടത്തിനു മുൻപിലെത്തിയാൽ തന്നെ അദ്ഭുതപ്പെടും, ഇത്രയും വാഹനങ്ങൾ എങ്ങനെ പാർക്കു ചെയ്യുമെന്ന്. ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിക്കു സമീപത്തെ ആധുനിക പാർക്കിങ് കേന്ദ്രത്തിലാണ് നഗരവാസികളുടെ അദ്ഭുതം പാർക്ക് ചെയ്യുന്നത്. 26,877 ചതുരശ്രയടി സ്ഥലത്ത് 43 കോടി രൂപ ചെലവിലാണു നിർമാണം. ചെന്നൈ കോർപറേഷനുമായി ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ പദ്ധതി പ്രകാരം അപ്പോളോ ഹോസ്പിറ്റൽ എന്റർപ്രൈസസ് ലിമിറ്റഡാണു നിർമിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധുനിക പാർക്കിങ് കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള കോർപറേഷന്റെ പദ്ധതിയുടെ ഭാഗമായിട്ടാണിത്.
വാടക ഇനത്തിൽ ചെന്നൈ കോർപറേഷനു പ്രതിവർഷം 46 ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞാൽ കമ്പനി പാർക്കിങ് കേന്ദ്രം കോർപറേഷനു കൈമാറണമെന്നാണു ധാരണ. നഗരത്തിന്റെ ഏതു ഭാഗത്തായാലും കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ് പ്രശ്നമാണ്. പണം കൊടുത്തായാലും നല്ല രീതിയിൽ വാഹനം പാർക്ക് ചെയ്യാൻ സാധിച്ചാൽ മനസ്സിനൊരു സന്തോഷമാണ്. ഈ ആധുനിക പാർക്കിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം.
ആദ്യം ടോക്കൺ
വാലസ് ഗാർഡനിലെ ഒന്നാം സ്ട്രീറ്റിനു സമീപത്തെ പാർക്കിങ് കെട്ടിടത്തിൽ കാർ നിർത്തുക. താക്കോൽ കാറിൽ വയ്ക്കണം. തുടർന്നു ജീവനക്കാർ നിങ്ങൾക്കൊരു ടോക്കൺ തരും. വാഹനം ഏതു നിലയിലാണ്, എത്രാമത്തെ റേക്കിലാണ് തുടങ്ങിയ വിവരങ്ങൾ ഈ ടോക്കണിൽ രേഖപ്പെടുത്തും. ഇരു ചക്രവാഹനമാണെങ്കിൽ പച്ച നിറത്തിലുള്ള നമ്പർ ടോക്കൺ ലഭിക്കും.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കെട്ടിടത്തിന്റെ ഇരുവശത്തുമുള്ള പ്രത്യേക ലിഫ്റ്റ് വഴിയാണ് ഇരു ചക്രവാഹനങ്ങൾ മുകളിലേക്ക് പോകുന്നത്.
ഓട്ടമാറ്റിക് കാർ ലിഫ്റ്റ്
നാല് ലിഫ്റ്റുകൾ വഴിയാണു കാർ മുകളിലേക്ക് കയറ്റുന്നത്. പ്രത്യേക സോഫ്റ്റ്‌െവയർ ഉപയോഗിച്ച് രണ്ട് കൗണ്ടറുകൾ വഴിയാണു നിയന്ത്രണം. കംപ്യൂട്ടർ വഴി ജീവനക്കാർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ലിഫ്റ്റുകളും ഷട്ടിൽ റേക്കുകളും പ്രവർത്തിക്കും. നിങ്ങൾ ഏൽപ്പിക്കുന്ന കാർ ജീവനക്കാർ ലിഫ്റ്റിലേക്കു കയറ്റും. കാർ ലിഫ്റ്റിൽ എത്തിയാൽ ഒന്നാം നിലയിലെ നിയന്ത്രണ മുറിയിൽ വിവരം ലഭിക്കും.
ഏതെല്ലാം നിലയിലെ റേക്കുകളിലാണു വാഹനങ്ങൾ ഇല്ലാത്തതെന്ന് കംപ്യൂട്ടർ സ്ക്രീനിൽ തെളിയും. ഇതിന് അനുസരിച്ചാണു നേരത്തെ ടോക്കൺ നൽകുക. ഒഴിവുള്ള റേക്കിലേക്കു വാഹനം വയ്ക്കാൻ കംപ്യൂട്ടറിനു നിർദേശം നൽകും. തിരിച്ച് വാഹനം കൊണ്ടുപോകാൻ ടോക്കൺ ജീവനക്കാർക്കു നൽകണം. കംപ്യൂട്ടർ വഴി നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പാർക്ക് ചെയ്ത കാർ ഷട്ടിൽ റേക്ക് അവിടെ നിന്നെടുത്ത് ലിഫ്റ്റിൽ വയ്ക്കും. തുടർന്നു താഴെയെത്തുന്ന കാർ പണം നൽകി കൊണ്ടുപോകാം.