ദോഹ: വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുന്നത് ലക്ഷ്യമിട്ട് മെബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. വാഹനം സഞ്ചരിക്കുമ്പോള്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ താനെ ലോക്കാവുന്നതിനുളള ആപ്ളിക്കേഷനാണ് രൂപംനല്‍കിയത്. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്‍റര്‍, മിനിസ്ട്രി ഓഫ് ഇന്‍റീരിയറിന് കീഴിലെ ട്രാഫിക് വകുപ്പ് തുടങ്ങിയവയുടെ കണ്‍സോര്‍ഷ്യമായ സലാംടെക് കണ്‍സോര്‍ഷ്യമാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി ആപ്ളികേഷന്‍ പുറത്തിറക്കി. 80 ശതമാനം വാഹനാപകടങ്ങളിലും മൊബൈല്‍ വില്ലനാകുന്നതായും അപകടങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഓഫീസര്‍മാര്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ സംഭവസമയത്ത് ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ ടെലികോം കമ്പനികളുടെ ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്‍റര്‍ 2013 ജൂണിലാണ് ആപ് രൂപകല്‍പന ചെയ്തത്. നിശ്ചിത വേഗതയില്‍ വാഹനമോടുമ്പോള്‍ മൊബൈലിലേക്ക് വരുന്ന കോളുകള്‍ക്ക് എസ്.എം.എസിലൂടെ ഓട്ടോമറ്റിക് ആയി മറുപടി സന്ദേശമയക്കും. ഡ്രൈവറുടെ ഭാഗത്ത് ഘടിപ്പിക്കാവുന്ന പ്രത്യേക സംവിധാനം ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന സഹയാത്രികന്‍െറ കയ്യിലാണോ എന്ന് കൃത്യമായി തിരിച്ചറിയും.
സലാംടെക് എന്ന അപ്ളികേഷന്‍ ഗൂഗ്ള്‍ ആപ് സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ്ചെയ്യാം. ആപ്ളികേഷന്‍െറ ഫാമിലി വേര്‍ഷന്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാനും രക്ഷിതാക്കളെ സഹായിക്കും.
ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപിന് ഐ ഫോണില്‍ ഇപയോഗിക്കാവുന്ന മൂന്നു വേര്‍ഷനുകള്‍ അടുത്ത മാസം പുറത്തിറക്കും.
സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കാന്‍ കണ്‍സോര്‍ഷ്യത്തിന്‍െറ ഭാഗമായ രാജ്യത്തെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനി ഖത്തര്‍ ഇന്‍ഷൂറന്‍സ് ആലോചിക്കുന്നുണ്ട്.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരായ നിയമം കര്‍ക്കശമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്. പുതുതായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉടന്‍ പരിശോധനകള്‍ക്കായി ഉടന്‍ റോഡിലിറങ്ങുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ