ഓരോ യാത്രയും സവാരിഗിരിഗിരിയാക്കാനുള്ളതാണ് നമ്മുടെ ഇഷ്ടവാഹനം. എന്നാല്‍ മനസ്സിനിണങ്ങിയ വണ്ടി സ്വന്തമാക്കാന്‍ എന്തുമാത്രം കഷ്ടപ്പെടണം. പരസ്യങ്ങളില്‍ പലതും പറയുമെങ്കിലും നമ്മുടെ സങ്കല്‍പങ്ങളോട് കുറെ വിട്ടുവീഴ്ചയില്ലാതെ മോഹം സഫലമാകില്ല. സെയില്‍സ്മാന്റെ കത്തികേട്ട് മടുത്ത് ഷോറൂമില്‍ നിരത്തിവച്ചിരിക്കുന്നവയില്‍നിന്ന് അവസാനം ഒന്ന് തിരഞ്ഞെടുത്ത് തൃപ്തിപ്പെടും.എന്നാല്‍ സ്വപ്നവീടിന് പ്ലാന്‍ തയ്യാറാക്കുന്നതുപോലെ ഇവിടെയും കാര്യങ്ങള്‍ മാറുകയാണ്. വാങ്ങുന്നവന്റെ സൗന്ദര്യസങ്കല്‍പത്തിനൊത്ത വണ്ടി പറഞ്ഞുണ്ടാക്കാം. പിന്നെ പരാതി വേണ്ടല്ലോ. പല വാഹന നിര്‍മാതാക്കളും ഇത്തരം ആശയത്തിന് നല്ലവഴിയൊരുക്കുകയാണ്.വാങ്ങുന്നവന്റെ ഓര്‍ഡര്‍ അനുസരിച്ചായിരിക്കും നിര്‍മാണം.ഇതിലൂടെ മറ്റൊരു ലക്ഷ്യംകൂടിയുണ്ട് കമ്പനികള്‍ക്ക്.പൊതുവെ അത്ര നല്ലകാലമല്ല വാഹനവിപണിയില്‍. ഇത്തരം പുത്തന്‍ ആശങ്ങളിലൂടെ നഷ്ടം പരമാവധി കുറയ്ക്കാം.
വന്‍മുതല്‍മുടക്കില്‍ എണ്ണമറ്റ വണ്ടികള്‍ ഉണ്ടാക്കി നിരത്തിവച്ചിട്ട് ആവശ്യക്കാരെയും കാത്തിരിക്കുന്ന കാലത്തില്‍നിന്നൊരു റിവേഴ്സ് ഗിയറിടലാണ് സംഭവം. ഓര്‍ഡര്‍ നല്‍കുന്നയാള്‍ മുന്‍കൂര്‍ നിശ്ചിതതുക നല്‍കേണ്ടിവരും. വാണിജ്യവാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ബില്‍റ്റ് ടു ഓര്‍ഡര്‍ എന്ന ഈ ആശയം സ്വീകരിച്ചുകഴിഞ്ഞു.അവരുടെ പുതുതായി ഇറക്കിയ ട്രക്ക് മോഡലുകളായ ബോസ്സ്,ക്യാപ്റ്റന്‍ എന്നിവയിലാണിത്. ടാറ്റയും ഐഷറും മറ്റും ഈ പാതയില്‍ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ്.
മാരുതി സുസുക്കി വളരെപണ്ടേ അവരുടെ ജിപ്സി ആവശ്യക്കാരന്റെ അഭിലാഷത്തിനനുസരിച്ച് പണിതുനല്‍കിയിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളിലാണ് ഈ ആശയം കൂടുതല്‍ ആവേശമുണ്ടാക്കുക. ഇന്ത്യയില്‍ അത്രയേറെയൊന്നും വിറ്റുപോകാത്ത ഇവ വെറുതെ സ്റ്റോക്ക് ചെയ്യേണ്ടല്ലോ. ഹോണ്ട കാറും ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് അവരുടെ വണ്ടികള്‍ക്ക് ആത്മാവ് നല്‍കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ