അപകടങ്ങളില്‍പെട്ട് വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ വര്‍ക്ഷോപ്പുകളില്‍ ഒരു പൈസ പോലും മുടക്കേണ്ടി വരാതെ നന്നാക്കി പോരുക. പണം ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് വര്‍ക്ഷോപ്പിന് നല്‍കും -അതാണ് ക്യാഷ്ലെസ് (പണരഹിത) മോട്ടോര്‍ ഇന്‍ഷുറന്‍സ്. കോംപ്രഹന്‍സീസ് (ഫുള്‍ കവര്‍) ഇന്‍ഷുറന്‍സ് പോളിസികളിലാണ് ഈ സൗകര്യം ലഭ്യമാവുക. ഇന്‍ഷുറന്‍സ് കമ്പനി എക്സിക്യൂട്ടീവുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തുനിന്ന് മോട്ടോര്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കുടിയേറിയ സുന്ദര ആശയം. പക്ഷേ, യഥാര്‍ഥത്തില്‍ അത്ര സുന്ദരമാണോ കാര്യങ്ങള്‍. അല്ളെന്നാണ് ഉപഭോക്താക്കളുടെ വാദം.
ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഗ്ദാനമനുസരിച്ച്, കമ്പനികള്‍ ബന്ധം സ്ഥാപിച്ച വിശ്വസനീയ വര്‍ക്ഷോപ് ശൃംഘലകളില്‍ ഒരു പൈസപോലും ചെലവഴിക്കാതെ വാഹന അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യമാണ് ഇത് ലഭ്യമാക്കേണ്ടത്. പണം കമ്പനി നേരിട്ട് വര്‍ഷ്ഷോപ്പിന് കൈമാറും. വാഹനം അപകടത്തില്‍ പെട്ടാല്‍ മൂന്ന് കാര്യം മാത്രം വാഹന ഉടമ ചെയ്താല്‍ മതിയാകുമെന്നാണ് ചില കമ്പനികളുടെ വാഗ്ദാനം. ഒന്ന് -ഇന്‍ഷുറന്‍സ് കമ്പനിയെ ഒൗദ്യോഗികമായി അറിയിക്കുക, രണ്ട് -രേഖകള്‍ വര്‍ക്ഷോപ്പിന് കൈമാറുക, മൂന്ന് -അറ്റകുറ്റപ്പണി തീരാന്‍ കാത്തിരിക്കുക -അത്രമാത്രം.
ഒരു പൈസപോലും മുടക്കാതെ വണ്ടിയുടെ അറ്റകുറ്റപ്പണി തീര്‍ത്തുതരുന്ന പോളിസിയാണിതെന്നാണ് ബിസിനസ് എക്സിക്യുട്ടീവിന്‍െറ വാക്ചാതുരി ഉപഭോക്താവിന് തോന്നിപ്പിക്കുക. അതുകൊണ്ട് തന്നെ നിലവില്‍ കോമ്പ്രഹന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ 80 ശതമാനവും കാഷ്ലെസ് ക്ളെയിം വാഗ്ദാനം ചെയ്യുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. മിക്ക കമ്പനികളും അവകാശപ്പെടുന്ന വര്‍ക്ഷോപ്പ് ശൃംഘലകളുടെ എണ്ണവും ഉപഭോക്താക്കളെ ഇതിന് പ്രോത്സാഹിപ്പിക്കുന്നവയാണ്. ഉദാഹരണത്തിന് ബജാജ് അലയന്‍സിന് 1700 ഓളം വര്‍ക്ഷോപ്പുകളുമായി ബന്ധമുണ്ടെന്ന് പറയുമ്പോള്‍ എച്ച്.ഡി.എഫ്.സി എര്‍ഗോയ്ക്കിവ 1600 ആണ്. മിക്ക വാഹന ഡീലര്‍മാരുമായും ബന്ധമുണ്ടെന്നാണ് പല സ്വകാര്യ കമ്പനികളുടെയും വാദം. പക്ഷേ കമ്പനികള്‍ പറയുന്ന ബന്ധം ഉണ്ടോയെന്ന് വാങ്ങും മുമ്പും വാഹനം വര്‍ക്ഷോപ്പിലേക്ക് കൊണ്ടുപോവും മുമ്പും ഉറപ്പുവരുത്തുന്നതാവും ഉചിതം. പ്രത്യേകിച്ച് പോളിസി പുതുക്കുമ്പോള്‍ കുറഞ്ഞ പ്രീമിയംതേടി കമ്പനി മാറുന്നവര്‍. കമ്പനികളുമായി ബന്ധമില്ളെന്ന് വര്‍ക്ഷോപ്പുകള്‍ പറഞ്ഞതായി നിരവധി പരാതികളുണ്ട്. അസേമയം അംഗീകൃത ഡീലറില്‍നിന്ന് പോളിസി വാങ്ങുമ്പോള്‍ ഇക്കാര്യം പേടിക്കേണ്ട. കമ്പനിയുടെ ശൃംഘലകളില്‍ സേവനമുണ്ടാകും. പക്ഷേ, പ്രീമിയം ഇവിടെ മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പം കൂടുതലായിരിക്കുമെന്ന് മാത്രം.
വര്‍ക്ഷോപ്പുകള്‍ അറ്റകുറ്റപ്പണി തീര്‍ത്തശേഷം ബില്‍ ഇന്‍ഷുറന്‍സ് കമ്പനി സൂക്ഷ്മ പരിശോധന നടത്തിയശേഷം, പോളിസിയിലെ വ്യവസ്ഥക്കനുസരിച്ചുള്ള പണമാണ് കൈമാറുക. എന്നു പറഞ്ഞാല്‍ വര്‍ക്ഷോപ്പുകാരന്‍ നല്‍കുന്ന ബില്‍ അതേപടി പാസാക്കാന്‍ കമ്പനികള്‍ തയാറാവണമെന്നില്ല. പോളിസികളില്‍ ചെറിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ വലിയ പ്രാധാന്യം ഉണ്ടാകുമെന്ന് സാരം.
തേയ്മാന നിരക്കുകള്‍, പ്ളാസ്റ്റിക്, റബര്‍ ഉല്‍പന്നങ്ങള്‍ക്ക് നിശ്ചിച്ചിരിക്കുന്ന നിരക്കുകള്‍ തുടങ്ങിയവ ക്യാഷ്ലെസ് ക്ളെയിമില്‍ വരില്ല. അതായത് കൈയും വീശി വണ്ടി എടുത്തുകൊണ്ട് പോരാന്‍ ചെന്നാല്‍ വര്‍ക്ഷോപ്പുകാര്‍ നല്‍കുന്ന ബില്ലുകണ്ട് പണരഹിത പോളിസിയുടമ ഞെട്ടും. വാഹനത്തിന്‍െറ പഴക്കവും മാറിയ റബര്‍, പ്ളാസ്റ്റിക്, ഗ്ളാസ് ഭാഗങ്ങളുടെ തേയ്മാനവുമുള്‍പ്പെടെ കണക്കിലെടുത്ത് ബില്ലിന്‍െറ 60 ശതമാനം വരെയാണ് പല കമ്പനികളും നല്‍കുന്നത്. അംഗീകൃത ലിസ്റ്റിലുള്ള വര്‍ക്ഷോപ്പുകള്‍ അപകടം നടക്കുന്നതിന് അടുത്തെങ്ങുമില്ളെങ്കിലും ഈ പോളിസികള്‍ യഥാര്‍ഥ ഗുണം ചെയ്യില്ല. വാഹനം അവിടെ നിന്ന് വര്‍ക്ഷോപ്പ് വരെ എത്തിക്കുന്ന ചെലവ് കൂടി പരിഗണിക്കുമ്പോഴാണിത്. കമ്പനികള്‍ക്ക് ബന്ധമുള്ള വര്‍ക്ഷോപ്പിലല്ല പണിയുന്നതെിലും പേടിക്കേണ്ട, പണികഴിയുമ്പോള്‍ പണരഹതിമാവില്ളെന്നേയുള്ളൂ, വര്‍ക്ഷോപ്പില്‍ ബില്ലടച്ചശേഷം കമ്പനിക്ക് കൈമാറി പണം തിരിച്ചുവാങ്ങാം. പക്ഷേ, ഇത്തരം കേസുകളില്‍ കൈയില്‍ നന്ന് പോകുന്ന പണത്തിന്‍െറ അളവേറാനാണ് സാധ്യത.
അംഗീകൃത വര്‍ക്ഷോപ്പുകളുടെ വശ്വസനീയതയും, മികച്ച സേവനവും പരിഗണിക്കുമ്പോള്‍ തന്നെ അറ്റകുറ്റപ്പണി വിശ്വസനീയമായി നടത്താന്‍ കഴിയുന്ന വര്‍ക്ഷോപ്പുകളുണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് കാഷ്ലെസ് ക്ളെയിമിനേക്കാള്‍ ഉചിതം റീയിമ്പേഴ്സ്മെന്‍റ് പോളിസികളാവും. അംഗീകൃത വര്‍ക്ഷോപ്പുകളിലെ കാലതാമസം പരിഗണിച്ചാല്‍, അറ്റകുറ്റപ്പണി ചെറുതാണെങ്കിലും വാഹനം കാലപ്പഴക്കം ചെന്നതാണെങ്കിലും റീഇമ്പേഴ്സ്മെന്‍റാവും ഉത്തമം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ