വാണിജ്യാവശ്യങ്ങള്‍ക്ക് ഒൻപത് ഇനം വാഹനങ്ങളുടെ രൂപമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശം മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കി
സെപ്റ്റംബര്‍ 19ന് ട്രാന്‍സ്പോര്‍ട്ട് കമീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാന സര്‍ക്കാറിന് നികുതിയിനത്തില്‍ കോടികളുടെ വരുമാനം ലഭിക്കും. രൂപമാറ്റം വരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഫയലിന് വകുപ്പ് മന്ത്രിയും സെക്രട്ടറിയും അനുമതി നല്‍കിയിട്ടും ഉത്തരവാകാതെ ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റില്‍ കെട്ടിക്കിടക്കുകയായിരുന്നു
ബാങ്കിലേക്കുള്ള കാഷ് വാന്‍, മൊബൈല്‍ തട്ടുകട, റിക്കവറി വാന്‍, മൊബൈല്‍ ക്രെയിന്‍, വിനോദസഞ്ചാരത്തിനും സെലിബ്രിറ്റികളുടെ യാത്രക്കും ഉപയോഗിക്കുന്ന കാരവന്, സ്കൂള്‍-കോളജ്-ടൂറിസ്റ്റ് ബസ്, കോണ്‍ക്രീറ്റ് മിക്സര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ രൂപമാറ്റത്തിനുള്ള നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് കമീഷണര്‍ പുറത്തിറക്കിയത്. സാധാരണ വാഹനത്തിനുള്ള നികുതിയുടെ നാലിരട്ടിയാണ് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളില്‍നിന്ന് ഈടാക്കുക. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52, കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 112 എന്നിവയനുസരിച്ചാണ് വാഹനങ്ങളുടെ രൂപമാറ്റം നടത്തുന്നത്.
ഈ നിയമവും ചട്ടവും വ്യാഖ്യാനിക്കുന്നതിലെ വ്യത്യാസം കാരണം കേരളത്തിലെ വിവിധ ആര്.ടി.ഒ ഓഫിസുകളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പലതരം നിബന്ധനകളാണുണ്ടായിരുന്നത്. ഇതുകാരണം, വാഹനങ്ങള്‍ കേരളത്തിന് പുറത്തുനിന്ന് രൂപമാറ്റം വരുത്തി രജിസ്ട്രേഷന് നടത്തി സംസ്ഥാനത്ത് എന്‍.ഒ.സിക്കായി എത്തിക്കുകയായിരുന്നു പതിവ്. ഇതുവഴി വര്‍ഷംതോറും കോടികളുടെ നികുതി വരുമാനമാണ് സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരുന്നത്.
വാഹന ബോഡികളുടെ രൂപമാറ്റത്തിനുള്ള നിര്‍ദേശങ്ങള്‍ക്ക് പുറമെ എന്ജിന്, എന്ജിന് ഭാഗങ്ങള്‍ എന്നിവയുടെ പരിഷ്കരണം, എന്ജിന്, ചേസിസ് എന്നിവ മാറ്റിസ്ഥാപിക്കല്‍, എന്ജിന്, മോട്ടോര്‍ നമ്ബറുകള്‍ പുതുതായി കൊത്തിവെക്കല്‍, വാഹനങ്ങളുടെ നിറംമാറ്റം, സീറ്റുകളിലെ മാറ്റം എന്നിവ സംബന്ധിച്ചുള്ള പുതിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.