തിരുവനന്തപുരം• സംസ്ഥാനത്ത് സർക്കാരിന്റെ ഓൺലൈൻ ടാക്സി യാഥാർഥ്യമാകുന്നു. ‘കേരള സവാരി’ എന്നു പേരിട്ട പദ്ധതിക്കായുള്ള മൊബൈൽ ആപ് തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പൈലറ്റ് പദ്ധതി 22ന് ആരംഭിക്കും. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ‘സുരക്ഷിതവും തർക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘കേരള സവാരി’യിൽ പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റടക്കം അപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് മാത്രമാകും പങ്കാളിത്തം. ഇവർക്കു പ്രത്യേക പരിശീലനവും നൽകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം 8% സർവീസ് ചാർജും ചേർത്തുള്ള തുകയാവും യാത്രക്കാരിൽ നിന്ന് ഈടാക്കുക.
മറ്റ് സ്വകാര്യ ഓൺലൈൻ ടാക്സികളെപ്പോലെ തിരക്ക് അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകില്ല. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്(ഐടിഐ) ആണ് പ്ലാറ്റ്ഫോമിന് സാങ്കേതിക സഹായം നൽകുന്നത്. സർവീസ് ചാർജിൽ 6% ഐടിഐയ്ക്കും 2% സർക്കാരിനുമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൈലറ്റ് പ്രോജക്ടിൽ ഇതുവരെ 350ൽ ഏറെ കാറും ഓട്ടോറിക്ഷകളുമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2 മാസത്തെ പ്രവർത്തനം വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ മറ്റു ജില്ലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ യാത്ര ടാക്സികൾക്കൊപ്പം മറ്റ് തരത്തിലുള്ള സർവീസ് വാഹനങ്ങളും ‘കേരള സവാരി’ യിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ