കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തും.ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും. മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കിൽ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോൾ ടെസ്റ്റിൽ വിജയിക്കും. ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം, ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോർ വാഹന വകുപ്പ് അറിയിക്കും. മോട്ടോർ വാഹന നിയമങ്ങളും റോഡ് നിയമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും ഇത് സ്വയരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ രക്ഷയ്ക്കും ആവശ്യമാണെന്ന അവബോധം ബന്ധപ്പെട്ടവരിൽ ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.
[Courtesy; cscsivasakthi.com]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ