'തുണ' ഇപ്പോള്‍ ലൈവാണ്
"വണ്ടിയൊന്നു തട്ടി. ഇന്‍ഷുറന്‍സ് കിട്ടാനുള്ള ജീഡി എന്‍ട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇതിനായി കുറേ സമയം നമ്മള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇനി ജി.ഡി. എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പേരും മൊബൈല്‍ നമ്ബറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്ബര്‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
എന്താണ് തുണ...?
നിങ്ങള്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ടോ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച്...? പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ 'തുണ' ഇപ്പോള്‍ ലൈവാണ്.
തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. ഇനി നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കുക. ആ വണ്ടി മോഷണവണ്ടിയാണോ എന്ന് ഈ സൈറ്റില്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്താവുന്നതാണ്.മോഷണം പോയ വണ്ടികളുടെ വിവരങ്ങള്‍ സൈറ്റില്‍ കൊടുത്തിട്ടുണ്ടാകും.
സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.
സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും.
എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
_
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ