തിരുവനന്തപുരം ∙ ഷാര്‍ജ സര്‍ക്കാറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കേരളത്തില്‍ വച്ച് നൽകാനുള്ള പദ്ധതി പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി മുന്നോട്ടു ആവശ്യത്തെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തോട് ഷാര്‍ജ ഭരണാധികാരി അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
പദ്ധതി നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ച് ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. മലപ്പുറം എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കേന്ദ്രമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
കംപ്യൂട്ടറൈസ്ഡ് ഡ്രൈവ്ടെസ്റ്റ് ട്രാക്കില്‍ ലൈസന്‍സ് ടെസ്റ്റ് നടത്താനാണ് ധാരണ. ഇന്ത്യന്‍ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍ എടപ്പാളില്‍ നിലവിലുണ്ട്. ഷാര്‍ജയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കും.
ഷാര്‍ജയിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് അവിടുത്തെ നിയമങ്ങള്‍ക്കനുസൃതമായി ഡ്രൈവിംഗ് പരിശീലനം നേടാനുള്ള നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ