കെ എസ് ആര്‍ടിസി ബസ് യാത്രക്കാരുടെ യാതനകള്‍ക്ക് അറുതി വരുന്നു. യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ അടുത്ത സ്റ്റാന്‍ഡിലെത്തുമെന്നും തിരക്കുണ്ടോയെന്നും തുടങ്ങി യാത്രാസംബന്ധമായ വിവരങ്ങളെല്ലാം ഇനി വിരല്‍തുമ്പില്‍ ലഭ്യമാകും. 6000 ബസുകളുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി മൊബൈല്‍ ആപ്‌ളിക്കേഷന്‍ വരുന്നു.
ഒരോ സ്ഥലത്തൂടെയും രണ്ടു മണിക്കൂറിനുള്ളില്‍ കടന്നുപോകുന്ന വിവരങ്ങള്‍ ആപ്പിലൂടെ അറിയാം. പോകേണ്ട സ്ഥലം രേഖപ്പെടുത്തി തിരച്ചില്‍ ഓപ്ഷന്‍ നല്‍കിയാല്‍ ബസുകളുടെ പട്ടിക ലഭിക്കും. ഇതില്‍നിന്ന് ഒരോ ബസും തെരഞ്ഞെടുത്ത് വിവരങ്ങള്‍ അറിയാം. മുംബൈ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കര്‍ണാടക ഗതാഗതവകുപ്പും നേരത്തേ സമാനരീതിയില്‍ മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുണ്ട്.
ബസുകളില്‍ ഘടിപ്പിക്കുന്ന ജി.പി.ആര്‍.എസ് സംവിധാനം വഴിയാവും ആപ്പിന്റെ പ്രവര്‍ത്തനം. 750 ബസുകളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഒരുക്കിക്കഴിഞ്ഞു. മറ്റു ബസുകളില്‍ നടപടി പുരോഗമിക്കുകയാണ്. ഗൂഗ്ള്‍ പ്‌ളേ സ്‌റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ആപ് ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.
നിലവിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് റിസര്‍വേഷന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചാവും ആപ് തയാറാക്കുക. ആറുമാസത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. റിസര്‍വേഷന്‍ സംവിധാനവുമുണ്ടാകും. ഓടുന്ന ബസുകളില്‍ സീറ്റ് ഒഴിവുണ്ടോയെന്ന് പരിശോധിച്ച് റിസര്‍വ് ചെയ്യാനാകും. പുതിയ ആപ്പിന് പ്രത്യേക പേര് കണ്ടെത്താനുള്ള ആലോചനയിലാണ് കോര്‍പറേഷന്‍ അധികൃതര്‍.
ബസ് ചാര്‍ജ്, സ്‌റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക്, വേഗം, അടുത്ത സ്‌റ്റോപ്പില്‍ ഏതുസമയത്ത് എത്തും തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഇതിനൊപ്പം ഒരോ ഡിപ്പോയിലും ബസ് എത്തുന്ന വിവരങ്ങള്‍ അടങ്ങുന്ന ഡിസ്പ്‌ളേ ബോര്‍ഡും സ്ഥാപിക്കും.
ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ബസുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂര്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന കാര്‍ഡ് കാണിച്ചാല്‍ പണം കൈയിലില്ലാതെ യാത്ര ചെയ്യാനാകും. ബസുകളിലെ ടിക്കറ്റ് മെഷീനുകളുമായി ബന്ധപ്പെടുത്തിയാവും സംവിധാനം വരിക.
പത്തുരൂപ നല്‍കി ബാങ്ക് ഡെബിറ്റ് കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് വാങ്ങി ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ കണ്ടക്ടറുടെ കൈയില്‍ പണംനല്‍കിയോ സ്മാര്‍ട്ട് കാര്‍ഡ് ചാര്‍ജ് ചെയ്യാം. ടിക്കറ്റ് നല്‍കുമ്പോള്‍ പണത്തിനുപകരം കാര്‍ഡ് നല്‍കിയാല്‍ മതി.
കണ്ടക്ടര്‍ ടിക്കറ്റ് മെഷീനില്‍ ഉരച്ച് ചാര്‍ജ് ഈടാക്കും. നിലവിലെ ടിക്കറ്റ് മെഷീനുകളില്‍ ചെറിയ മാറ്റംവരുത്തിയാല്‍ സ്മാര്‍ട്ട്കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് കെല്‍ട്രോണുമായി സഹകരിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടത്.