ഗ്രേറ്റർനോയ്ഡ: ഓട്ടോ എക്സ്‌പോ-2016 ൽ സന്ദർശകരുടെ മനം കവർന്ന് മലയാളി രൂപകല്പന ചെയ്ത് വികസിപ്പിച്ച ‘ഹൈപ്പെറിയോൺ വൺ’ എന്ന വാഹനവും. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ താണ സ്വദേശി ഷാഹിദ് ഹഖ് ആണ് ഈ വാഹനം നിർമിച്ചത്. റോഡ്‌സ്റ്ററിന്റെയും ഫോർമുല വൺ കാറിന്റെയും സവിശേഷതകൾ സമന്വയിപ്പിച്ച രൂപകല്പനയാണ് ഹൈെപ്പറിയോൺ.
എട്ടുപേർ രണ്ടര വർഷമെടുത്താണ് വാഹനത്തിന്റെ നിർമാണവും വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. പരീക്ഷണ ഓട്ടം അടക്കമുള്ളവ നടത്താനുണ്ട്.
കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്പെയ്‌സ് ഫ്രെയിം ഷാസി വികസിപ്പിച്ചുകൊണ്ടാണ് വാഹനത്തിന്റെ രൂപകല്പനയ്ക്ക് തുടക്കമിട്ടത്. ഭാരംകുറഞ്ഞ ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എ.ആർ.പി.) കോമ്പസിറ്റ് ഉപയോഗിച്ചാണ് ബോഡി നിർമിച്ചിട്ടുള്ളത്. കാർബൺ ഫൈബറും തുകലും ഉപയോഗിച്ചാണ് ഇന്റീരിയർ നിർമാണം. ഡബ്‌ൾ വിഷ്‌ബോൺ കോയിൽ ഓവർ സസ്പെൻഷനാണ് ഉപയോഗിച്ചിട്ടുള്ളത്. 2.7 ലിറ്റർ വി സിക്സ് എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് വാഹനത്തിലുള്ളത്. 19 ഇഞ്ച് വീലുകൾ, ഇലക്‌ട്രോണിക് ഡോർ, സെനോൺ ഹെഡ് ലാമ്പുകൾ, എൽ.ഇ.ഡി. ടെയിൽ ലാമ്പുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
വാണിജ്യാടിസ്ഥാനത്തിൽ വാഹനം നിർമിക്കുക തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ബെംഗളൂരുവിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദവും ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ എം.എസ്‌സി.യും യു.കെ.യിൽ നിന്ന് ഓട്ടോമൊബൈൽ ഡിസൈനിങ് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയാണ് ഷാഹിദ് ‘മോട്ടോർ മൈൻഡ്’ എന്ന സ്ഥാപനം തുടങ്ങിയത്. വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിനുള്ള ബോഡി കിറ്റുകൾ കമ്പനി നിർമിക്കുന്നുണ്ട്. ബെംഗളൂരുവിലെ ‘എംപയർ’ ഹോട്ടൽ ഉടമ കൂടിയാണ് ഷാഹിദ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ