ബെംഗളൂരു: കര്‍ണാടകത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവരെ കൂടാതെ പിന്നില്‍ യാത്ര ചെയ്യുന്നവരും ഇനി ഹെല്‍മെറ്റ് ധരിക്കേണ്ടി വരും.
കേരള ഹൈക്കോടതി ജഡ്ജിയുടെ മകന്‍ ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ചട്ടം കൊണ്ടുവരാന്‍ ഗതാഗത വകുപ്പ് നീക്കം നടത്തുന്നത്. ഈ വര്‍ഷം സപ്തംബറോടെ തന്നെ പുതിയ ചട്ടം നിലവില്‍ വരുമെന്ന് കര്‍ണാടക ഗതാഗത കമ്മീഷണര്‍ രാമഗൗഡ പറഞ്ഞു.
നേരത്തേ ബെംഗളൂരു, മൈസൂരു തുടങ്ങി സംസ്ഥാനത്തെ ഏഴു പ്രമുഖ നഗരങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്താകെ നിയമം നടപ്പാക്കാനൊരുങ്ങുന്നത്.
പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ഹൊസൂര്‍ റോഡിലുണ്ടായ ബൈക്കപകടത്തില്‍ കേരള ഹൈക്കോടതി ജഡ്ജിയുടെ മകന്‍ ആനന്ദ് മാത്യു മരിച്ചത്. ഗതാഗത വകുപ്പിലെ ഉന്നത അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനുള്ള ആലോചനകള്‍ തുടങ്ങിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ