കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം നൽകാൻ മാനേജ്മെന്റിന്റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. ഇന്നലെ തലസ്ഥാനത്ത് നടന്ന ശിൽപ്പശാലയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം വെളിപ്പെടുത്തിയത്. നിർദേശത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തി.
ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകാനാണ് തീരുമാനം. 100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പുതിയ നിർദേശത്തിലൂടെ വരുമാനം ഉയർത്താനാകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. എന്നാൽ, രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി സംഘടനകളും പറയുന്നു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാൻ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്.
ശമ്പളം നൽകാൻ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ