സർവീസിങ്ങിനു വല്യ ചെലവായിരിക്കും അല്ലേ? സുഹൃത്തിന്റെ ആഡംബരകാറിനെ അൽപം അസൂയയോടെ നോക്കിക്കൊണ്ട് ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഏയ് ഞാനീ കമ്പനി സർവീസ് സെന്ററിലൊന്നും കൊണ്ടുപോകാറില്ല. പതിനായിരത്തിന് ഓയിൽ മാറും, ഫിൽറ്ററും ഓയിലും വാങ്ങിക്കൊടുത്താൽ നമ്മുടെ പഴയ മേസ്തിരി ഭംഗിയായി ചെയ്യും. കൂളന്റോ ബ്രേക്ക് ഫ്ളൂയിഡോ കുറവുണ്ടോ എന്നൊക്കെ നോക്കാനും അങ്ങേരു മതി. പിന്നെ മാസത്തിലൊരു വാട്ടർ സർവീസിങ് ചെയ്യും അത്ര തന്നെ’’. ‘‘അപ്പോൾ വാറന്റി നഷ്ടപ്പെടില്ലേ?’’ സുഹൃത്ത് പറഞ്ഞതിൽ അത്ര വിശ്വാസം വരാതെ ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഓ അതൊക്കെ വെറും തട്ടിപ്പല്ലേ. കാര്യത്തോടടുക്കുമ്പോൾ എല്ലാറ്റിനും അവർ പൈസ വാങ്ങും’’ എന്നായിരുന്നു മറുപടി. തന്റെ കാർ വാങ്ങിയതു മുതൽ കൃത്യമായി ഡീലറുടെ സർവീസ് സെന്ററിൽ കൊണ്ടുപോയിരുന്ന ബാലകൃഷ്ണന് താൻ ചെയ്തിരുന്നതു മണ്ടത്തരമായോ എന്നു തോന്നി. ഓരോ തവണയും രണ്ടായിരവും മൂവായിരവുമൊക്കെ കൊടുത്തിട്ട് വണ്ടി എടുക്കുമ്പോൾ വൃത്തിയായി കഴുകിയിട്ടുപോലും ഉണ്ടാവില്ല. എങ്കിലും സർവീസ് പുറത്തു ചെയ്യിക്കാൻ അത്ര ധൈര്യം പോരതാനും!
ഒരു ആധുനിക കാറിന്റെ (വലുതോ ചെറുതോ ആകട്ടെ) ഉടമ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണിത്. സർവീസിനായി കമ്പനിയുടെ കേന്ദ്രത്തിൽ വണ്ടി കൊടുത്താൽ തിരിച്ചു കിട്ടുമ്പോൾ ബില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടോ എന്ന സംശയം മിക്കവർക്കുമുണ്ട്. ഇതിനൊരു പ്രധാന കാരണം സർവീസ് സെന്ററിനുള്ളിൽ നടക്കുന്ന പണികൾ ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിലെപോലെ ഉടമയുടെ പരിധിക്കു പുറത്തായി എന്നതാണ്. സർവീസ് അഡ്വൈസർ എന്നൊരു കക്ഷിയുമായി മാത്രമേ ഉടമയ്ക്ക് ആശയവിനിമയത്തിനു സൗകര്യമുള്ളൂ. അപ്പോൾ നേരിൽക്കണ്ടു ബോധ്യപ്പെടാൻ പാകത്തിന് സ്വതന്ത്ര വർക്ക്ഷോപ്പിൽ കാര്യം സാധിക്കുന്നതാണോ നല്ലത്?
ഡീലർഷിപ്പിനു പുറത്തു കൊടുക്കുന്നതിനു മുൻപ്
ഇക്കാലത്തു കാറുകളിൽ പ്ലാസ്റ്റിക്, ഫൈബർ ഉൽപന്നങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. ബോണറ്റ് തുറന്നു നോക്കിയാൽ ഇതു വ്യക്തമാകും. മുന്നിൽ നിന്നുള്ള ചെറിയൊരു ആഘാതംപോലും അതുകൊണ്ട് ഏറെ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. പെട്രോൾ, ഡീസൽ കാറുകളിലെല്ലാം ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്‌ഷനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉയർന്ന മർദത്തിൽ ഇന്ധനം കൈകാര്യം ചെയ്യുന്നതിനാൽ (ഡീസൽ എൻജിനിൽ വിശേഷിച്ചും) ഇവയുടെ ഘടകങ്ങളെല്ലാം നല്ല വിലയുള്ളവയാണ്. അതുകൊണ്ട്, ഡീലർഷിപ്പിനു വെളിയിൽ എന്തെങ്കിലും റിപ്പയറിനു കൊടുക്കും മുൻപ് ആവശ്യത്തിനുള്ള പരിചയവും ഉപകരണങ്ങളും ഉണ്ടോ എന്ന് അന്വേഷിക്കണം. കാർ വാഷ് ചെയ്യുമ്പോൾ പോലും എൻജിൻ ബേയിൽ അലക്ഷ്യമായി വെള്ളം പ്രഷറിൽ അടിക്കുന്നത് ചിലപ്പോൾ കുഴപ്പമുണ്ടാക്കും.
ഏതു കാറിനും ലോക്കൽ വർക്ക്ഷോപ്പിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഓയിലും ഫിൽറ്ററും മാറുക. കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് തുടങ്ങിയവയുടെ കുറവു പരിഹരിക്കുക എന്നിവയാണിതിൽ പ്രധാനം. കൂടാതെ ബോഡിയിലെ ചെറിയ പരുക്കുകളുടെ റിപ്പയറും പെയിന്റിങ്ങും ഇക്കൂട്ടത്തിൽ പെടും
വാറന്റി വേണോ?
പുത്തൻ കാറിന്റെ വാറന്റി കാലയളവിൽ കമ്പനി സർവീസ് സെന്ററിൽത്തന്നെ പണികൾ ചെയ്യണം എന്നു മിക്ക നിർമാതാക്കളും വാശിപിടിക്കുന്നു. ആധുനിക കാറുകളിലെ പല ഘടകങ്ങളുടെയും ഉയർന്ന വില പരിഗണിക്കുമ്പോൾ വാറന്റിയുടെ പരിരക്ഷ ഉപേക്ഷിക്കുന്നതു മണ്ടത്തരമായേക്കും. സങ്കീർണമായ സാങ്കേതിക വിദ്യയുടെ ഉപയോഗം കാറുകളിൽ വർധിച്ചുവരികയാണ്. വിദഗ്ധ പരിശീലനം സിദ്ധിച്ചവർ കൃത്യമായ ഉപകരണങ്ങൾ ഉപയോഗിച്ചു ചെയ്തില്ലെങ്കിൽ മിക്ക ഘടകങ്ങളുടെയും റിപ്പയർ ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന ഗതിയിലാകും. ലോഹനിർമിതമല്ലാത്ത ഭാഗങ്ങൾ പലതും സവിശേഷമായ രീതിയിൽ ഘടിപ്പിച്ചവ ആയിരിക്കും. ഇവയെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവർ അഴിച്ചെടുക്കാൻ ശ്രമിച്ചാൽ പുനരുപയോഗം അസാധ്യമാകുംവിധം കേടായിപ്പോകാൻ ഇടയുണ്ട്. കാറിനുള്ളിലെ ട്രീം (ഡോർപാഡ്, ക്ലാഡിങ്ങുകൾ) അഴിച്ചിട്ടു പഴയ അംബാസഡറിനൊക്കെ ചെയ്തിരുന്നതുപോലെ ‘രണ്ട് സ്റ്റീൽ സ്ക്രൂവിട്ട് അങ്ങു മുറുക്കാം’ എന്നു വിചാരിച്ചാൽ നടപ്പില്ല. പല നിർമാതാക്കളും തങ്ങളുടെ കാറുകൾക്കുള്ള ഒറിജിനൽ സ്പെയറുകൾ പുറംവിപണിയിൽ ലഭ്യമാക്കുന്നതിൽ വിമുഖരാണ്. അപ്പോൾ വാറന്റി പരിരക്ഷ ഇല്ലെങ്കിൽപ്പോലും കമ്പനി സർവീസ് സെന്ററിന്റെ സേവനം ഉപേക്ഷിക്കാൻ കഴിയില്ല.
സർവീസ് ഗൗരവമായി കാണണം
സർവീസിനായി കാർ ഏൽപ്പിക്കുമ്പോൾ കംപ്ലെയ്ന്റ് പറഞ്ഞശേഷം കാണിച്ചുതരുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്ത്, സ്ഥലം വിടരുത്. എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും നമുക്കു തരുന്ന സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ കൃത്യമായി രേഖപ്പെടുത്തി വാങ്ങുകയും ചെയ്യണം.
പതിവു സർവീസിൽ ഒഴിവാക്കാൻ ആവശ്യപ്പെടാവുന്ന ഒന്നാണ് ടയറുമായി ബന്ധപ്പെട്ട പണികൾ. ടയർ റൊട്ടേഷൻ, വീൽ അലൈൻമെന്റ്, ബാലൻസിങ് എന്നിവ ഒരു നല്ല ടയർ സർവീസ് സെന്ററിൽ ചെയ്താൽ ചെലവും കുറഞ്ഞിരിക്കും പണി കണ്ടു ബോധ്യപ്പെടുകയും ചെയ്യാം. കാറിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പന്തികേടു തോന്നുന്നുണ്ടെങ്കിൽ സർവീസിങ്ങിനു കൊടുക്കുമ്പോൾ ഉടമയുടെ സാന്നിധ്യത്തിൽ ട്രയൽ എടുക്കാൻ ആവശ്യപ്പെടണം. കുഴപ്പമെന്താണെന്നു കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധനയ്ക്കു ശേഷം വിവരം അറിയിച്ച് ഉടമയുടെ അനുവാദം വാങ്ങിയശേഷം മാത്രം റിപ്പയർ നടത്തുക എന്നതാണു പതിവുചട്ടം. ചെലവേറിയ റിപ്പയർ വേണം എന്നറിയിച്ചാൽ അൽപം അസൗകര്യമാണെങ്കിലും സർവീസ് സെന്ററിൽ പോയി കണ്ടു ബോധ്യപ്പെടണം. മനസ്സിലാകാത്ത കാര്യം എന്തും വിശദീകരിക്കാൻ ആവശ്യപ്പെടാം. ‘എനിക്കിതൊന്നും അറിഞ്ഞുകൂടാ എന്നു തോന്നുന്നതു കുറച്ചിലല്ലേ’ എന്നു വിചാരിക്കരുത്. ഉടമ ഈ വക കാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രത അനാവശ്യമായ റിപ്പയറുകൾ ഒഴിവാക്കാൻ സർവീസ് സെന്റർ ജീവനക്കാരെ പ്രേരിപ്പിക്കും.
വാറന്റി സ്പെയറുകൾക്കും
പണി തീർന്നു കിടക്കുകയാണ് എന്നു സർവീസ് സെന്റർ അറിയിച്ചാൽ എങ്ങനെയെങ്കിലും ബിൽ തീർത്ത് വണ്ടിയുമായി പോകാൻ തിടുക്കപ്പെടരുത്. ചെയ്ത പണികൾ വിശദീകരിക്കാനും മാറിയ പാർട്ടുകൾ കാണിച്ചുതരാനും ആവശ്യപ്പെടാം. സർവീസ് അഡ്വൈസറുമായി കാർ ട്രയൽ എടുത്തു പരാതികൾ പരിഹരിക്കപ്പെട്ടോ എന്നു പരിശോധിക്കണം. എത്ര ചെറിയ കാര്യമാണെങ്കിലും സംശയം തോന്നിയാൽ ചോദ്യം ചെയ്യാൻ മടിക്കരുത്. റിപ്പയർ ബിൽ സൂക്ഷിച്ചുവയ്ക്കുക- ഒറിജനിൽ സ്പെയറുകൾക്കു കുറഞ്ഞത് ആറുമാസം വാറന്റിയുണ്ട്. മിക്ക നിർമാതാക്കളും മേജർ റിപ്പയറുകൾക്കും വാറന്റി നൽകുന്നു. ഈ വക കാര്യങ്ങൾ ചോദിച്ചറിയാനും എഴുതി വാങ്ങാനും മടിക്കരുത്.
പരാതിപ്പെടാം, ധൈര്യമായി
സർവീസ് സെന്ററിലെ സേവനങ്ങളെക്കുറിച്ചു തൃപ്തിക്കുറവുണ്ടെങ്കിൽ പരാതിപ്പെടേണ്ടത് ആരോടാണെന്ന് അവിടെ എഴുതി പ്രദർശിപ്പിച്ചിരിക്കും. സർവീസിനു കൊടുക്കുമ്പോൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിപ്പെടാൻ മടിക്കരുത്. പുതിയ കാർ വാങ്ങുമ്പോൾ ആദ്യത്തെ സൗജന്യ സർവീസ് കാലയളവിൽ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കാർ ഡെലിവറി എടുക്കുമ്പോൾ ചെറിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ആദ്യത്തെ സർവീസിനു ശരിയാക്കിത്തരാം എന്ന വാഗ്ദാനത്തോടെ പറഞ്ഞുവിടാൻ ശ്രമിക്കാറുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കരുത്. പെയിന്റിങ്ങിലെ തകരാറ്, ട്രിമ്മിന്റെ ശബ്ദങ്ങൾ എന്നിവയെല്ലാം സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ചു വാങ്ങണം. വേണ്ടിവന്നാൽ വാഹന നിർമാതാവിന്റെ കസ്റ്റമർ സർവീസ് വിഭാഗവുമായി ബന്ധപ്പെടാനും മടിക്കരുത്.
അറിയണം, പൊതുവായ ചില കാര്യങ്ങൾ
പുതിയ തലമുറ കാറുകൾ സങ്കീർണമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ്. ഇതിനെപ്പറ്റിയൊക്കെ ആഴത്തിൽ അറിഞ്ഞിരിക്കാൻ ഒരു സാധാരണ കാറുടമ പണിപ്പെടേണ്ടതില്ല. പക്ഷേ പൊതുവായ ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് സർവീസ് സെന്ററുമായി ബന്ധപ്പെടുമ്പോൾ സഹായകരമാണ്. ആധുനിക പെട്രോൾ, ഡീസൽ കാറുകളുടെയെല്ലാം എൻജിനുകൾ ഇലക്ട്രോണിക് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. കാറിൽ പല ഭാഗത്തായി ഉള്ള സെൻസറുകൾ നൽകുന്ന വിവരം ഉപയോഗിച്ച് ഒരു കൺട്രോൾ യൂണിറ്റ് (ഇസിയു അഥവാ ഇസിഎം) എത്ര നേരത്തേക്ക് എത്ര അളവിൽ ഇന്ധനം ഇൻജക്റ്റ് ചെയ്യണമെന്നു തീരുമാനിക്കും. ഈ ഇസിയു തന്നെയാണ് ഇൻജക്‌ഷൻ സംവിധാനത്തെയും നിയന്ത്രിക്കുന്നത്. പെട്രോൾ കാറുകളിൽ ഇതൊടൊപ്പം ഇഗ്നീഷൻ (സ്പാർക്ക് പ്ലഗ്ഗിന്റെ പ്രവർത്തനം) നിയന്ത്രണവും ഇസിയു ചെയ്യുന്നു. സെൻസറുകളെ അപേക്ഷിച്ച് ഇസിയുവിനു പതിന്മടങ്ങു വിലയുണ്ട്. ഇതിനു തകരാറു വരാതിരിക്കാൻ ഉടമ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാറിന്റെ ഹാൻഡ്ബുക്കിലുണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ