തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് പുതുചരിത്രം രചിച്ച് ഷെയര്‍ ടാക്‌സി സംവിധാനം വരുന്നു. ഒന്നിലധികം യാത്രക്കാര്‍ക്ക് ഒരേസമയം പ്രത്യേക നിരക്ക് നല്‍കി പുതിയ സംവിധാനത്തില്‍ സഞ്ചരിക്കാം. ജനവാസ മേഖലകളില്‍ നിന്ന് യാത്രക്കാരെ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മറ്റു പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
പരമാവധി എട്ടു യാത്രക്കാര്‍ക്ക് ഒരേസമയം ഇത്തരം ഷെയര്‍ ടാക്‌സികളില്‍ യാത്ര ചെയ്യാം. പദ്ധതി നടപ്പാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഷെയര്‍ ടാക്‌സി സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ യാത്രാനിരക്ക് പുനര്‍ നിര്‍ണയ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. സമിതി ഭൂരിഭാഗം ജില്ലകളിലും സിറ്റിംഗ് നടത്തി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി. യാത്രാനിരക്ക് ഗണ്യമായി കുറയുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഈ പദ്ധതി കൂടുതല്‍ സ്വീകാര്യമാകും.
പദ്ധതി വ്യാപകമാകുന്നതോടെ ഗതാഗത തിരക്കും നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കുറയും. ഇത് പരിസ്ഥിതിക്ക് ഏറെ അനുയോജ്യമാണെന്ന് മാത്രമല്ല, കാര്‍ബണ്‍ ബഹിരണം കുറച്ചുകൊണ്ടുവരാനും സഹായമാകും. സംവിധാനം വ്യാപകമാകുന്നതോടെ പാര്‍ക്കിംഗ് പ്രശ്‌നത്തിന് ഒരളവുവരെ പരിഹാരവുമാകും.
സ്ത്രീകള്‍ ഒറ്റക്ക് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വ ഭീഷണി ഇല്ലാതാക്കാനും ഷെയര്‍ ടാക്‌സി സംവിധാനം വരുന്നതോടെ സാധിക്കും. കേരളത്തില്‍ ഈ സംവിധാനം നടപ്പാക്കുന്നതിന് തടസമായി നില്‍ക്കുന്നത് മോട്ടോര്‍വാഹന നിയമമാണ്. ഇതനുസരിച്ച് ടാക്‌സി കാറുകള്‍ ഉള്‍പ്പെടെയുള്ളവ കോണ്‍ട്രാക്ട് കാരിയേഴ്‌സ് എന്ന വിഭാഗത്തില്‍പെടുന്നവയാണ്. ഈ വാഹനങ്ങള്‍ക്ക് യാത്രക്കാരില്‍ ഓരോരുത്തരില്‍ നിന്നും പ്രത്യേകം നിരക്ക് ഈടാക്കാന്‍ അനുമതിയില്ല. സ്റ്റേജ് കാരിയര്‍ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതിന് അനുവാദമുള്ളത്. കേരളത്തില്‍ ബസുകള്‍ക്ക് മാത്രമാണ് സ്റ്റേജ് കാരിയര്‍ പെര്‍മിറ്റ് നല്‍കുന്നത്. ഷെയര്‍ ടാക്‌സികള്‍ അനുവദിക്കണമെങ്കില്‍ അവയെ സ്റ്റേജ് കാരിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യണം.
ഇത്തരത്തില്‍ നിയമഭേദഗതി വരുത്തി ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഷെയര്‍ ടാക്‌സി സംവിധാനം നിയമവിധേയമാക്കിയിട്ടുണ്ട്. ബസുകളില്ലാത്തതും യാത്രാക്ലേശം രൂക്ഷമായതുമായ സ്ഥലങ്ങളില്‍ ഷെയര്‍ ടാക്‌സി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം, ഷെയര്‍ ടാക്‌സി സംവിധാനം നടപ്പക്കുന്നതിനെതിരെ ബസ് ഉടമകളുടെയും ഓട്ടോ തൊഴിലാളികളുടെയും യൂണിയനുകള്‍ നേരത്തെ നിരക്ക് പുനര്‍നിര്‍ണയ സമിതിയെ പ്രതിഷേധം അറിയിച്ചിരുന്നു.
courtesy: (chandrika daily)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ