തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനു ചാർജിങ് സ്റ്റേഷനുകളിൽ ഉപയോക്താവിൽനിന്നു യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. ഇതു സംബന്ധിച്ചു ഹിയറിങ് നടത്തിയശേഷം നിരക്കുകൾ അന്തിമമാക്കുമെന്നു ചെയർമാൻ പ്രേമൻ ദിനരാജ് പറഞ്ഞു.
കെഎസ്ഇബിയിൽനിന്നു ചാർജിങ് സ്റ്റേഷനുകൾ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കിൽ കമ്മിഷൻ വർധന വരുത്തി. ഫിക്സഡ് ചാർജ് 75 രൂപയായിരുന്നത് 90 രൂപയാക്കി. ഊർജനിരക്ക് യൂണിറ്റിന് 5 രൂപയായിരുന്നത് 5.50 രൂപയായും വർധിപ്പിച്ചു.
2000 വാട്ടിനു മുകളിൽ കണക്റ്റഡ് ലോഡ് ഉള്ള സിനിമ തിയറ്ററുകൾ, സർക്കസ് കൂടാരങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ ഫിക്സഡ് ചാർജിൽ 15 രൂപയുടെ വർധന വരുത്തി. നേരത്തേ 100 രൂപയായിരുന്നതു 115 രൂപയായാണു വർധിപ്പിച്ചത്. ഊർജനിരക്ക് 1000 യൂണിറ്റ് വരെ യൂണിറ്റിന് 6 രൂപയായിരുന്നത് 6.30 രൂപയായും 1000 യൂണിറ്റിനു മുകളിൽ യൂണിറ്റിന് 7.40 രൂപയായിരുന്നത് 7.70 രൂപയായും ഉയർത്തി.
രണ്ടു മാസത്തെ വൈദ്യുതി ബില്ലിൽ വരുന്ന മാറ്റം ഇങ്ങനെ
2 മാസം കൊണ്ട് 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വൈദ്യുതി ബില്ലിൽ എന്തു വ്യത്യാസം വരും? ഫിക്സഡ് ചാർജ്, സ്ലാബ് അടിസ്ഥാനപ്പെടുത്തിയുള്ള ഊർജ നിരക്ക്, നികുതി, മീറ്റർ വാടക, ജിഎസ്ടി എന്നിവ ഉൾപ്പെടുത്തി 2 മാസത്തിലൊരിക്കലാണു ബിൽ ലഭിക്കുക. 2 മാസത്തെ ഉപയോഗം 240 യൂണിറ്റിൽ താഴെയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ 88 രൂപ സബ്സിഡിയുമുണ്ട്.
2 മാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് (സിംഗിൾ ഫെയ്സ്) ഇന്നലെ വരെയുള്ള ബിൽ തുക ഇങ്ങനെയാണ്:
ഫിക്സഡ് ചാർജ് 90 രൂപ (മാസം 45 രൂപ വീതം)
ഊർജ നിരക്ക് 685 രൂപ
മീറ്റർ വാടക 12 രൂപ
സർക്കാർ ഡ്യൂട്ടി 68.5 രൂപ (ഊർജ നിരക്കിന്റെ 10 %)
മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ
സംസ്ഥാന ജിഎസ്ടി 1.08 രൂപ
240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ
ആകെ ബിൽ തുക: 769.66 രൂപ.
ഈ കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വരാവുന്ന ബിൽ തുക:
ഫിക്സഡ് ചാർജ് 110 രൂപ (മാസം 55 രൂപ വീതം)
ഊർജ നിരക്ക് 710 രൂപ
മീറ്റർ വാടക 12 രൂപ
സർക്കാർ ഡ്യൂട്ടി 71 (ഊർജ നിരക്കിന്റെ 10 %)
മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ
സംസ്ഥാന ജിഎസ്ടി 1.08 രൂപ
240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ.
ആകെ ബിൽ തുക: 817.16 രൂപ.