കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയും അടുത്തിടെ ഏറെ കേൾക്കുന്ന വാർത്തയുമാണ് കാറുകളിലെ പെട്രോൾ പൈപ്പിലെ ചെറു ദ്വാരങ്ങൾ . പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ തുള വീണ് ഒട്ടേറെ വാഹനങ്ങളാണ് വർക്‌ഷോപ്പിൽ എത്തുന്നത്. ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതാണു പ്രശ്നം.
ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിക്കാനും കാരണമായേക്കം.
തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നതെങ്കിലും പിന്നീട് നിരവധി സ്ഥലത്തേക്ക് ഇവ വ്യാപിച്ചു. ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന് പേരിൽ ധാരാളം വാർത്തകളും ഇവയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നുണ്ട്.
2020ൽ തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ പെട്ട കാംഫർഷോട്ട് എന്ന ചെറു ജീവിയാണ് ഇതിന് കാരണം എന്ന് കണ്ടെത്തിയത്.
ഈ ജീവികൾ ഏഷ്യൻ വൻകരയിൽ കണ്ടുവരുന്നതാണെങ്കിലും ഇന്ത്യയിൽ അധികം കാണാറില്ല. ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന തടികളിലൂടെയും , ചെടികളിലൂടെയുമായിരിക്കും ഇവ നമ്മുടെ നാട്ടിലെത്തിയത്.
പ്രധാനമായും മറിഞ്ഞു വീണ തടികളിലാണ് ഇവ സുഷിരങ്ങളുണ്ടാക്കുന്നത്. തടി ഇവർ ഭക്ഷിക്കില്ല . ഇവയുടെ ശരീരത്തിലുള്ള ഒരു തരം ഫംഗസിനെ വളർത്താനുള്ള ഇടം എന്ന തരത്തിൽ മാത്രമാണ് ഇതു തുളയ്ക്കുന്നത് ( ഈ ഫംഗസ് തന്നെയാണ് ഇവരുടെ ഭക്ഷണവും). ചീഞ്ഞ തടികളിൽ നിന്ന് വരുന്ന എഥനോളിന്റെ ഗന്ധമാണ് ഇവയെ പ്രധാനമായും ആകർഷിക്കുന്നത്.
അടുത്തിടെയാണ് പെട്രോളിൽ കൂടുതലായി എഥനോൾ ചേർക്കാൻ തുടങ്ങിയത്. എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കാൻ കാരണമെന്നാണു കരുതുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണു റബർ പൈപ്പുകളും ഇതു തുരക്കുന്നത്.
എഥനോളിന്റെ സാന്നിധ്യം മൂലം തടിയാണെന്നു തെറ്റിദ്ധരിച്ചാണു കാംഫർഷോട്ട് ബീറ്റിൽ ഇനങ്ങൾ പൈപ്പ് തുരക്കുന്നത്. പെട്രോളുമായി ബന്ധത്തിൽ എത്തുമ്പോൾ ഒന്നുകിൽ ഇവ സ്ഥലംവിടുകയോ അല്ലെങ്കിൽ ചത്തുപോകുകയോ ചെയ്യും.
പൊതുവേ 5 എംഎം വരെ വ്യാസമുള്ള ചെടികളുടെ തണ്ടുകളിലാണ് ഇവർ സുഷിരങ്ങളുണ്ടാക്കുന്നത്. എഥനോളിന്റെ സാന്നിധ്യവും , പൈപ്പുകളുടെ വണ്ണവും , അധികം എടുക്കാത്ത വാഹനങ്ങളും ഈ സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ ഈ ജീവികൾ പൈപ്പുകൾ തുരന്നു.
ഇത്തരത്തിലുള്ള പ്രാണികൾക്ക് പെട്രോളിനോട് ഒരു തരത്തിലുള്ള താൽപര്യവുമില്ല. പെട്രോളിന്റെ സാന്നിധ്യം ഇവരുടെ ജീവൻ തന്നെ ഭീഷണിയാണ്. കൂടാതെ ചില ആളുകൾ പറയുന്നതുപോലെ കീടനാശിനികളുടെ പ്രയോഗം ചിലപ്പോൾ വേറെ അപകടങ്ങൾക്ക് വഴി വച്ചേക്കാം.
പൈപ്പുകൾ വ്യാസം കൂട്ടുകയോ അല്ലെങ്കിൽ ഇരുമ്പ് ചട്ടയുള്ള പൈപ്പുകൾ ഇടുകയോയാണ് ഇതിനുള്ള ശാശ്വത പരിഹാരം. കൂടാതെ പൈപ്പുകളിൽ വിഷാംശമില്ലത്ത ഉണങ്ങിപ്പോകാത്ത പശ ഉപയോഗിച്ച് കവർ ചെയ്താൽ ഒരു പരിധിവരെ തടയാനാകും. സാധാരണ ഇത് അത്ര എളുപ്പത്തിൽ മാറ്റേണ്ടാത്ത പൈപ്പുകളാണ് അതുകൊണ്ടു തന്നെ പല സര്വീസ് സെന്ററുകളിലും , പാര്ട്‌സ് വിപണന കടകളിലും പൈപ്പുകള്ക്ക് ക്ഷാമം നേരിടുന്നതായി മെക്കാനിക്കുകള് പറയുന്നു.
വാഹനം നിർത്തിയിടുമ്പോൾ ഇന്ധനം ചോർച്ച അറിയില്ലെങ്കിലും ഓടുമ്പോൾ ഈ ചെറു സുഷിരം വഴി ധാരാളം പെട്രോൾ ചോരാൻ സാധ്യതയുണ്ട്. ചൂടുകൂടുന്നതോടെ പെട്രോള് പൈപ്പുകളിലുണ്ടാകുന്ന ഇന്ധനച്ചോര്ച്ച വാഹനത്തിന് തീപിടിക്കുന്നതിന് കാരണമാകും. ചില വാഹനങ്ങളുടെ റബ്ബര് പൈപ്പുകളില് നിറയെ ദ്വാരങ്ങളും കണ്ടെത്തിയിരുന്നു. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിന് കാരണമാകും.
കടപ്പാട്: അർബൻ എന്റമോളജിസ്റ്റും , പെസ്റ്റ് മാനേജ്മെന്റ് കൺസൽറ്റന്റുമായ അശോക് ബാബു.
THIRUVAMBADI NEWS*
[Courtesy; babu chandran, fb post]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ