സർവീസിങ്ങിനു വല്യ ചെലവായിരിക്കും അല്ലേ? സുഹൃത്തിന്റെ ആഡംബരകാറിനെ അൽപം അസൂയയോടെ നോക്കിക്കൊണ്ട് ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഏയ് ഞാനീ കമ്പനി സർവീസ് സെന്ററിലൊന്നും കൊണ്ടുപോകാറില്ല. പതിനായിരത്തിന് ഓയിൽ മാറും, ഫിൽറ്ററും ഓയിലും വാങ്ങിക്കൊടുത്താൽ നമ്മുടെ പഴയ മേസ്തിരി ഭംഗിയായി ചെയ്യും. കൂളന്റോ ബ്രേക്ക് ഫ്ളൂയിഡോ കുറവുണ്ടോ എന്നൊക്കെ നോക്കാനും അങ്ങേരു മതി. പിന്നെ മാസത്തിലൊരു വാട്ടർ സർവീസിങ് ചെയ്യും അത്ര തന്നെ’’. ‘‘അപ്പോൾ വാറന്റി നഷ്ടപ്പെടില്ലേ?’’ സുഹൃത്ത് പറഞ്ഞതിൽ അത്ര വിശ്വാസം വരാതെ ബാലകൃഷ്ണൻ ചോദിച്ചു. ‘‘ഓ അതൊക്കെ വെറും തട്ടിപ്പല്ലേ. കാര്യത്തോടടുക്കുമ്പോൾ എല്ലാറ്റിനും അവർ പൈസ വാങ്ങും’’ എന്നായിരുന്നു മറുപടി. തന്റെ കാർ വാങ്ങിയതു മുതൽ കൃത്യമായി ഡീലറുടെ സർവീസ് സെന്ററിൽ കൊണ്ടുപോയിരുന്ന ബാലകൃഷ്ണന് താൻ ചെയ്തിരുന്നതു മണ്ടത്തരമായോ എന്നു തോന്നി. ഓരോ തവണയും രണ്ടായിരവും മൂവായിരവുമൊക്കെ കൊടുത്തിട്ട് വണ്ടി എടുക്കുമ്പോൾ വൃത്തിയായി കഴുകിയിട്ടുപോലും ഉണ്ടാവില്ല. എങ്കിലും സർവീസ് പുറത്തു ചെയ്യിക്കാൻ അത്ര ധൈര്യം പോരതാനും!
ഒരു ആധുനിക കാറിന്റെ (വലുതോ ചെറുതോ ആകട്ടെ) ഉടമ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണിത്. സർവീസിനായി കമ്പനിയുടെ കേന്ദ്രത്തിൽ വണ്ടി കൊടുത്താൽ തിരിച്ചു കിട്ടുമ്പോൾ ബില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടോ എന്ന സംശയം മിക്കവർക്കുമുണ്ട്. ഇതിനൊരു പ്രധാന കാരണം സർവീസ് സെന്ററിനുള്ളിൽ നടക്കുന്ന പണികൾ ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിലെപോലെ ഉടമയുടെ പരിധിക്കു പുറത്തായി എന്നതാണ്. സർവീസ് അഡ്വൈസർ എന്നൊരു കക്ഷിയുമായി മാത്രമേ ഉടമയ്ക്ക് ആശയവിനിമയത്തിനു സൗകര്യമുള്ളൂ. അപ്പോൾ നേരിൽക്കണ്ടു ബോധ്യപ്പെടാൻ പാകത്തിന് സ്വതന്ത്ര വർക്ക്ഷോപ്പിൽ കാര്യം സാധിക്കുന്നതാണോ നല്ലത്?