റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
സൗദി വിഷന്‍ 2030 എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടൂറിസം മേഖലയുടെ വികസനമാണ്. സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനവും അടുത്തിടെ സൗദി ഭരണകൂടം കൈക്കൊണ്ടിരുന്നു. നിക്ഷേപകരായ വിദേശികളുടെ പ്രവേശനം ലളിതമാക്കുന്ന വിസിറ്റ് ഇലക്ട്രോണിക് വിസ സംവിധാനവും രാജ്യത്ത് നിലവിലുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് പകരം വിസിറ്റ് വിസയിലൂടെയും പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ വര്‍ഷം 2.5 കോടി വിദേശ വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.