അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ടയറുകള്‍ പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം
വാഹനത്തിലിരിക്കുമ്പോള്‍ നിങ്ങളെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയറാണ്. പക്ഷെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെങ്കില്‍ തന്നെയും ഭൂരിപക്ഷവും ടയറുകളുടെ സുരക്ഷയെ അവഗണിക്കുകയാണ് പതിവ്. ഈ അവഗണന നിങ്ങളുടെ ജീവനെപ്പോലും ബാധിച്ചേക്കാം.
ടയറുകളുടെ സുരക്ഷ അവഗണിച്ചാല്‍ അത് ബ്രേക്കിംഗിനെ ബാധിച്ചേക്കാം, മാത്രമല്ല ഇന്ധനക്ഷമത കുറയ്ക്കുകയും ചെയ്യും. അതായത് ടയറുകളുടെ ഗുണനിലവാരം കുറയുന്നത് നിങ്ങളുടെ സുരക്ഷ മാത്രമല്ല, പണവും ചോര്‍ത്തും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സുരക്ഷിതമെന്ന് തോന്നിയേക്കാവുന്ന ടയറുകള്‍ പക്ഷെ സുരക്ഷിതം ആകണമെന്നില്ല. ടയറിന്റെ ട്രെഡ് പകുതി ബാക്കിയുണ്ടെങ്കില്‍ പോലും സുരക്ഷിതമെന്ന് കരുതാനാകില്ല. ടയറുകള്‍ അതിന്റെ പാതിവഴിയിലെത്തുമ്പോള്‍ തന്നെ റോഡുമായുള്ള ഗ്രിപ്പ് കാര്യമായി നഷ്ടപ്പെടുന്നുവെന്ന് ആഗോളതലത്തില്‍ നടന്ന ഒരു കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാണ് നിങ്ങള്‍ അവസാനമായി ടയറുകള്‍ പരിശോധിച്ചത്? യു.കെയില്‍ നടന്ന ഒരു പഠനം (Tyresafe's 2015 Tyre Safety Month Study)) അനുസരിച്ച് 65 ശതമാനം ഡ്രൈവര്‍മാരും ടയര്‍ ട്രെഡ് പരിശോധിക്കാറില്ല. ഇതേ പഠനം മറ്റൊരു അപകടകരമായ വസ്തുതയും ചൂണ്ടിക്കാണിക്കുന്നു. യു.കെ നിരത്തുകളില്‍ ഓടുന്ന 27.3 ശതമാനം ടയറുകള്‍ക്കും നിയമപ്രകാരം ഉണ്ടാകേണ്ട ടയര്‍ ട്രെഡ് ആഴമായ 1.6 മില്ലീമീറ്റര്‍ ഇല്ലത്രെ. യു.കെയില്‍ കനത്ത പിഴയും പെനാല്‍റ്റി പോയ്ന്റും ലഭിക്കാവുന്ന കുറ്റമാണിത്. എന്നിട്ടും 2015ല്‍ മാത്രം 10 മില്യണോളം ടയറുകള്‍ നിയമവിരുദ്ധമായി നിരത്തിലോടുന്നു. നിയമം കര്‍ക്കശമായ യു.കെയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അവസ്ഥ എന്തായിരിക്കും.
അപകടങ്ങള്‍ കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
ടയര്‍ പ്രഷര്‍ പരിശോധിക്കുക :കാഴ്ചയില്‍ ടയറിന് കാറ്റു കുറവാണെന്ന് തോന്നുമ്പോള്‍ മാത്രമല്ല മര്‍ദ്ദം പരിശോധിക്കേണ്ടത്. കൃത്യമായ ഇടവേളകളില്‍ അത് ചെയ്യുക. ടയര്‍ മര്‍ദ്ദം ശരിയല്ലെങ്കില്‍ റോഡുമായുള്ള ഗ്രിപ്പിനെയും ഇന്ധനക്ഷമതയെയും അത് ബാധിക്കും. വാഹനനിര്‍മാതാവ് അനുശാസിക്കുന്ന അളവിലാണ് ടയറില്‍ മര്‍ദ്ദം നിറയ്‌ക്കേണ്ടത്. ഇടയ്ക്കിടെ പരിശോധിക്കുന്നത് അസൗകര്യമാണെങ്കില്‍ ടയറില്‍ നൈട്രജന്‍ നിറയ്ക്കുക. സാധാരണ വായുവിനെക്കാള്‍ കൂടുതല്‍ നാള്‍ മര്‍ദ്ദം നിലനിര്‍ത്താന്‍ നൈട്രജന്‍ ഗ്യാസ് നിറയ്ക്കുന്നതിലൂടെ സാധിക്കും.
ടയര്‍ ട്രെഡ് ആഴം അറിയുക: എല്ലാ ടയര്‍ നിര്‍മാതാക്കളും തന്നെ ടയര്‍ ട്രെഡ് കുറയുമ്പോള്‍ അറിയാനുള്ള അടയാളം ടയറില്‍ കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താവിന് തേയ്മാനം അറിയാന്‍ കഴിയും. 1.6 മില്ലിമീറ്റര്‍ ട്രെഡ് എങ്കിലും ടയറില്‍ ഉണ്ടാണമെന്നാണ് മിക്ക ടയര്‍ നിര്‍മാതാക്കളും നിഷ്‌കര്‍ഷിക്കുന്നത്.
വീല്‍ അലൈന്‍മെന്റ് നടത്തുക: നേരെയുള്ള റോഡിലൂടെ പോകുമ്പോഴും സ്റ്റിയറിംഗിന് വലത്തേയ്‌ക്കോ ഇടത്തേയ്‌ക്കോ ഒരു വലിവ് തോന്നുന്നുണ്ടെങ്കില്‍ വീല്‍ അലൈന്‍മെന്റ് നടത്താന്‍ സമയമായി. വീല്‍ അലൈന്‍മെന്റ് ശരിയല്ലെങ്കില്‍ അത് ടയറിന്റെ ആയുസിനെയും വാഹനത്തിന്റെ സുരക്ഷിതത്വത്തെയും ബാധിക്കും.
വീല്‍ ബാലന്‍സിംഗും പ്രധാനം: സ്റ്റിയറിംഗില്‍ അനുഭവപ്പെടുന്ന കമ്പനം ഒരു പക്ഷെ വീല്‍ ബാലന്‍സിംഗ് ശരിയല്ലാത്തതുകൊണ്ടാകാം. ഇത് സ്റ്റിയറിംഗിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ടയറുകളെയും ബാധിച്ചേക്കാം.
ടയറിന്റെ ആയുസ് എത്ര?: ടയറിനും ഒരു എക്‌സ്പയറി ഡേറ്റുണ്ടെന്ന കാര്യം നാം ഓര്‍ക്കാറില്ല. ടയറിന്റെ വശങ്ങളില്‍ സൂക്ഷിച്ചുനോക്കിയാല്‍ അത് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. റബറു കൊണ്ടാണ് ടയര്‍ നിര്‍മിക്കുന്നത് എന്നതിനാല്‍ നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അതിന്റെ കാര്യക്ഷമത കുറയാം. അതുകൊണ്ടു ടയര്‍ വാങ്ങുമ്പോള്‍ അത് പുതിയതാണെന്ന് ഉറപ്പുവരുത്തുക.
(courtesy: dhanam)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ