സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി, വാഹനം റജിസ്റ്റർ ചെയ്ത യഥാർഥ സംസ്ഥാനത്തിൻ്റെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽനിന്ന് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങേണ്ടതിന്റെ ആവശ്യം ഒഴിവാക്കിയേക്കാം. നീതി ആയോഗ് രൂപീകരിച്ച സാമ്പത്തികേതര നിയന്ത്രണ പരിഷ്കരണങ്ങൾക്കായുള്ള ഉന്നതതല സമിതിയുടെ ശുപാർശകളിലുള്ള ഈ നിർദേശം നിലവിൽ പരിഗണനയിലാണ്. ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ് സംവിധാനത്തിലൂടെ സംസ്ഥാനാന്തര വാഹന കൈമാറ്റം സാധ്യമാക്കാനും വാഹനങ്ങൾ യഥാർഥത്തിൽ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്ന് NOC നേടേണ്ടതിന്റെ ആവശ്യം വാഹന ഉടമകൾക്ക് ഒഴിവാക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശം പരിശോധിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സംസ്ഥാനങ്ങൾക്കിടയിൽ വാഹനങ്ങളുടെ പുനർരജിസ്ട്രേഷൻ ലളിതമാക്കാൻ പരിഷ്‌കരണം സഹായിക്കും.
നിലവിലെ വാഹന കൈമാറ്റ പ്രക്രിയ
നിലവിൽ, മറ്റേതെങ്കിലും സംസ്ഥാനത്ത് വാഹനം പുനർരജിസ്റ്റർചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാളും യഥാർഥ ആർടിഒയിൽനിന്ന് NOC എടുക്കണം. വാഹനത്തിന് റോഡ് ടാക്‌സ്, ചലാൻ, അല്ലെങ്കിൽ മറ്റ് കുടിശ്ശികകളൊന്നും നിലവിലില്ലെന്ന് ഈ സർട്ടിഫിക്കറ്റ് ഉറപ്പുനൽകുന്നു.
കൂടാതെ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടാക്‌സ് രസീതുകൾ എന്നിവയും ഉടമകൾ സമർപ്പിക്കേണ്ടതുണ്ട്. രേഖകളിലെ കാലതാമസം പലപ്പോഴും കൈമാറ്റങ്ങൾക്ക് കാലതാമസം വരുത്തുന്നു.
പരിഗണനയിലുള്ള നിർദേശം
റിപ്പോർട്ടുകൾ അനുസരിച്ച്, നീതി ആയോഗ് രൂപീകരിച്ച ഒരു ഉന്നതതല സമിതി NOC ആവശ്യകത ഒഴിവാക്കാൻ ശുപാർശ ചെയ്‌തിട്ടുണ്ട്. പകരം, സംസ്ഥാനങ്ങൾക്കിടയിലുള്ള വാഹന കൈമാറ്റം കാര്യക്ഷമമാക്കുന്ന ഒരു ഓട്ടോ- ജനറേറ്റഡ് ക്ലിയറൻസ് സംവിധാനം നിർദേശിക്കുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിർദേശം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. നിലവിൽ, വാഹനങ്ങളുടെ രേഖകൾ കേന്ദ്രീകൃത VAHAN ഡാറ്റാബേസിൽ ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ഗതാഗത അധികൃതർക്ക് ലഭ്യമാണ്.
ഈ സംവിധാനം, മറ്റ് രേഖകൾ ആവശ്യമില്ലാതെ തന്നെ നിലവിലുള്ള കുടിശ്ശികകളും വാഹന വിശദാംശങ്ങളും പരിശോധിക്കാൻ അനുവദിക്കും. VAHAN പ്രയോജനപ്പെടുത്തുന്നതിലൂടെ, അധികാരികൾക്ക് എളുപ്പത്തിൽ ഇതെല്ലാം പരിശോധിക്കാൻ കഴിയുമെന്നും ഇത് NOC-യെ അപ്രസക്തമാക്കുന്നുവെന്നും സമിതി നിരീക്ഷിച്ചു.
കമ്മിയുടെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ വാഹന ഉടമകൾക്ക് NOC വാങ്ങേണ്ടി വരില്ല. ഇത് സംസ്ഥാനങ്ങൾക്കിടയിലുള്ള വാഹന കൈമാറ്റം വേഗത്തിലാക്കാനും കൂടുതൽ സുതാര്യമാക്കാനും ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറയ്ക്കാനും സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ