ന്യൂഡല്‍ഹി: ഇന്ത്യൻ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് സംസാരിക്കുന്ന 'വെഹിക്കിള്‍ ടു വെഹിക്കിള്‍' (വി2വി) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
കനത്ത മൂടല്‍മഞ്ഞിലോ വളവുകളിലോ ഡ്രൈവറുടെ കണ്ണില്‍പ്പെടാത്ത അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി രാജ്യത്ത് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പത്യേക ചിപ്പ് വഴി സമീപത്തെ മറ്റ് വാഹനങ്ങളുമായി വേഗത, ദിശ, ദൂരം തുടങ്ങിയ വിവരങ്ങള്‍ തത്സമയം പങ്കുവയ്ക്കുന്ന സംവിധാനമാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രവർത്തിക്കാൻ മൊബൈല്‍ നെറ്റ്വർക്കിന്റെയോ ഇന്റർനെറ്റിന്റെയോ സഹായം ആവശ്യമില്ല എന്നതാണ്. സിം കാർഡിന് സമാനമായ ചെറിയ ഉപകരണം വഴിയാണ് സിഗ്നലുകള്‍ കൈമാറുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ, റോഡരികില്‍ വാഹനം കേടായി കിടന്നാലോ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് ഉടൻ തന്നെ ഡിജിറ്റല്‍ മുന്നറിയിപ്പ് ലഭിക്കും.
കനത്ത മൂടല്‍മഞ്ഞിലോ മഴയിലോ ഡ്രൈവർക്ക് മുന്നിലെ വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും. വാഹനത്തിന്റെ മുൻവശത്ത് നിന്നുള്ള വിവരങ്ങള്‍ മാത്രമല്ല, വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നും അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അലേർട്ട് ലഭിക്കുന്നതിനാല്‍ '360 ഡിഗ്രി സുരക്ഷ' ഉറപ്പാക്കുന്ന സംവിധാനമാണിത്.
ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളിലായിരിക്കും ഈ സംവിധാനം നിർബന്ധമാക്കുക. നിലവില്‍ പ്രീമിയം കാറുകളിലുള്ള 'അഡാസ്' സംവിധാനത്തിനൊപ്പം വി2വി കൂടി ചേരുന്നതോടെ സുരക്ഷാ കവചം ഇരട്ടിയാകും. എന്നാല്‍ ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ വിലയില്‍ എത്ര വർധനവുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ