ന്യൂഡല്‍ഹി* : ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് തിരക്കേറിയ സമയങ്ങളില്‍ കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. തിരക്കേറിയ സമയങ്ങളില്‍ ചില റോഡുകളിലൂടെ യാത്രചെയ്യുമ്പോള്‍ നികുതി ഈടാക്കുന്നതാണ് രീതിയെന്ന് ഗതാഗത സ്പെഷ്യല്‍ കമ്മീഷണര്‍ ഷഹ്സാദ് ആലത്തിനെ ഉദ്ധരിച്ചുള്ള റിപ്പോട്ടുകള്‍ പറഞ്ഞു.
പരീക്ഷണ ഘട്ടത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലെ 13 പ്രധാന സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്ന ചര്‍ച്ചകള്‍ ഇതാദ്യമല്ല.
2018-ല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ തിരക്കേറിയ റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതി ഉപേക്ഷിച്ചു. 2017ല്‍ ഒരു പാര്‍ലമെന്ററി സമിതിയും തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ ടോള്‍ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു
അടുത്തിടെ, ഉയര്‍ന്ന ജനസാന്ദ്രതയുള്ള റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് തിരക്ക് കുറയ്ക്കാന്‍ ബംഗളൂരുവിലെ അധികാരികളോട് ഒരു റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇളവുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ നിലവിലുള്ള ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കാനും നിര്‍ദേശിച്ചു.
പൊതുഗതാഗതം മെച്ചപ്പെടുത്താനും മലിനീകരണം കുറയ്ക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ഈ വരുമാനം ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സിംഗപ്പൂര്‍, ലണ്ടന്‍, സ്റ്റോക്ക്‌ഹോം തുടങ്ങിയ നഗരങ്ങള്‍ ട്രാഫിക് നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സമാനമായ നികുതികള്‍ നടപ്പാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ